കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് (actor Dileep) അടക്കമുള്ളവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ഡിജിറ്റൽ രേഖകൾ അപഗ്രഥനം ചെയ്യാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച ശേഷമാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന് മുദ്രവെച്ച് ഹൈക്കോടതിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യം നല്‍കണമോയെന്ന കാര്യത്തില്‍ ബുധനാഴ്ച കോടതി തീരുമാനമെടുക്കുക.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ദിലീപും സഹോദരന് അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും, ബന്ധു അപ്പുവും സുഹൃത്ത് ബൈജുവിനെയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറുകളാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൻ്റെ അവസാനദിനമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകൾ ചേർത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
പല തെളിവുകളും ദിലീപിനു മുന്നിൽ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകൻ ബാലചന്ദ്രകുമാർ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിൻ്റെ വാദം. ചൊവ്വാഴ്ച ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ അന്വേഷണസംഘം വിളിച്ചുവരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസൻ തിരിച്ചറിഞ്ഞു.
മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്ത ശേഷം അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ് പി. ഗോപിനാഥ് തീരുമാനമെടുത്തത്. ഇത് പ്രകാരം, പ്രോസിക്യൂഷന് ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്നും ലഭിച്ച മുഴുവന്‍ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറി. മൊബൈൽ ഫോൺ ആവശ്യപ്പെട്ടിട്ടും നൽകാത്തതും അറിയിക്കും. ഈ മൊബൈൽ ഫോണിൽ കേസുകളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയിലെടുത്ത് ബ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നൂമാണ് പ്രോസിക്യൂഷൻ നിലപാട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ തൻ്റെ സ്വകാര്യഫോണുകൾക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിൻ്റെ വാദം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടകാലത്തെ എല്ലാ ഫോണുകളും അന്വേഷണ സംഘത്തെ ഏൽപ്പിച്ചിരുന്നു. പിന്നീടുള്ള കാലത്തെ ഫോണുകൾ മനഃപൂർവ്വം ആവശ്യപ്പെടുകയാണ്. ഫോണുകൾ അഭിഭാഷകരെ ഏൽപ്പിച്ചതായും ദിലീപ് പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന ശാപവാക്കുകൾക്കപ്പുറം, ഗൂഢാലോചന എന്ന ആരോപണം വെറും കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ പണവും സ്വാധീനവും കൗശലവുമുള്ളവരാണ് പ്രതികളെന്നും, അവർക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ദിലീപിന്റെ സുഹൃത്തായ ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ശരത്തിന്റെ ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.