കണ്ണൂർ: അർജുൻ ആയങ്കിക്ക് (Arjun Ayanki)പുറമെ ക്രിമിനൽ കേസ്സുകളിലെ പ്രതിയായ മറ്റെരാൾക്ക് കൂടി കാപ്പ (Kaapa Act)ചുമത്തി കണ്ണൂർ പോലീസ്. അസ്ക്കര്‍ യു കെ (41) എന്ന കോളാരി സ്വദേശിക്ക് എതിരെയാണ് നടപടി.
മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 3 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അസ്ക്കര്‍. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 (കാപ്പ) വകുപ്പ് 15(1) പ്രകാരം നടപടി സ്വീകരിച്ചാണ് ഇയ്യാളെ നാടുകടത്തിയത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ കാപ്പ ചുമത്തി ഉള്ള നടപടിക്ക് ഉത്തരവിട്ടത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകളിലെ പ്രതി അർജുൻ ആയങ്കിക്കൊപ്പം ആണ് അസ്ക്കറിനെയും നാടുകടത്താൻ ഡിഐജി ഉത്തരവിട്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് അർജുൻ ആയങ്കി എന്ന കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുകൂടാതെയാണ് മറ്റ് കേസുകളിലെ പങ്കും പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Also Read-അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ; സ്ഥിരം കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്; കണ്ണൂരില്‍നിന്ന് നാടുകടത്തും
കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് പൂർണമായ വിലക്കാണ് അസ്കറിനും അർജുൻ ആയങ്കിക്കും ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇരുവർക്കും സാധിക്കില്ല.
കണ്ണൂർ ജില്ലയിൽ കാപ്പ ചുമത്തി നാടുകടത്തുന്നതിന് ആയി പത്തു പേരുടെ പട്ടികയാണ് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ തയ്യാറാക്കിയത്. രണ്ടുപേർക്ക് എതിരെ നേരത്തെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അസ്കറും അർജുൻ ആയങ്കിയും ഉൾപ്പെടെ നാലു പേർ ഇപ്പോൾ കാപ്പാ നടപടികൾ നേരിട്ട് ജില്ലയ്ക്ക് പുറത്താണ് . ബാക്കി ആറുപേരെ സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ റേഞ്ച് ഡിഐജി ക്ക് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെയും വൈകാതെ നടപടി ഉണ്ടാകും എന്നാണ് സൂചന.
ഇതുകൂടാതെ കാപ്പ ചുമത്തി ജയിലിലടക്കാൻ ശുപാർശ ചെയ്ത 13 പേരുടെ മറ്റൊരു പട്ടിക കൂടി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ സ്ഥിരം കുറ്റവാളികളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ചിരുന്നു. ഇതിൽ ആറുപേർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ഉത്തരവ് നൽകിയിരുന്നു. നാലു പേരാണ് കണ്ണൂർ ജില്ലയിൽ ഇപ്പോൾ കാപ്പാ നടപടികൾ നേരിട്ട് ജയിലിൽ കഴിയുന്നത്. മറ്റു പ്രതികളെയും വൈകാതെ അകത്താക്കാനുള്ള ശ്രമത്തിലാണ് പോലീസ് .
സ്ഥിരം ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടുന്നവരെ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. തുടര്‍ച്ചയായി സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്ക് എതിരെയും കർശന നടപടി ഉണ്ടാകും. കാപ്പാ പ്രകാരം നടപടി സ്വീകരിക്കേണ്ടവർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arjun Ayanki, Kaapa