നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എക്‌സൈസ് ഉദ്യോഗസ്ഥന് മദ്യം വില്‍ക്കാന്‍ ശ്രമം; പാലായില്‍ അനധികൃത മദ്യ വില്പന പിടിച്ചത് തന്ത്രപരമായി

  എക്‌സൈസ് ഉദ്യോഗസ്ഥന് മദ്യം വില്‍ക്കാന്‍ ശ്രമം; പാലായില്‍ അനധികൃത മദ്യ വില്പന പിടിച്ചത് തന്ത്രപരമായി

  എക്സൈസ് ഉദ്യോഗസ്ഥന് തന്നെ അനധികൃത മദ്യം വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരു പൊതു പ്രവർത്തകൻ തന്നെയാണ് അറസ്റ്റിലായത്.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: കോവിഡ് കാലത്ത് മദ്യ ക്ഷാമം രൂക്ഷമായതോടെ യാണ് അനധികൃത മദ്യ വില്പന യും തകൃതിയായി നടക്കുന്നത്. സംസ്ഥാനത്തൊട്ടാകെ എക്സൈസ് വകുപ്പ് വ്യാപകമായ പരിശോധനയാണ് അനധികൃത മദ്യവിൽപ്പന കണ്ടെത്താനായി ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് വ്യാപകമായ നിലയിൽ അനധികൃത മദ്യ വില്പന കണ്ടെത്തിയിരുന്നു. കോട്ടയം പാലായിൽ മാത്രം ഇന്നലെ രണ്ടു സംഭവങ്ങളാണ് ഇത്തരത്തിൽ പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥന് തന്നെ അനധികൃത മദ്യം വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരു പൊതു പ്രവർത്തകൻ തന്നെയാണ് അറസ്റ്റിലായത്.

  പാലാ നീലൂർ സ്വദേശി ബോസി ആണ് എക്സൈസ് പാലാ  റെയിഞ്ച് ഓഫീസിലെ  ഓഫീസർക്ക് മദ്യം വിൽക്കാൻ ശ്രമിച്ച് പിടിയിലായത്.  സംഭവം നടന്നത് ഇങ്ങനെ. പാലായിലെ വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ അനധികൃത മദ്യ വില്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് സംഭവം പിടികൂടാൻ എക്സൈസ് തീരുമാനിച്ചു. അതിനായി പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ പ്രിവന്റീവ് ഓഫീസർ സി കണ്ണൻ മഫ്ടി വേഷത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ക്ക് സമീപം ചുറ്റിക്കറങ്ങി.

  Also Read-പൊലീസിന് നേരെ ബോംബേറ്; ജീപ്പ് അടിച്ചു തകർത്തു; പിടിയിലായത് കഞ്ചാവ് മാഫിയയിലെ കണ്ണി

  ഇതിനിടെ പാലാ കട്ടക്കയം റോഡിലുള്ള സുലഭ സൂപ്പർ മാർക്കറ്റ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള കൺസ്യൂമർഫെഡ് മദ്യ ഷോപ്പിന് സമീപം നിന്നാണ് ബോസി പിടിയിലാകുന്നത്. ക്യൂവിൽ നിൽക്കുന്നവർക്ക് മദ്യം നൽകാം എന്ന നിലയിൽ ആയിരുന്നു ബോസിയുടെ കച്ചവടം. ആളറിയാതെ ബോസി എക്സൈസ് ഓഫീസറുടെ സമീപവും മദ്യവുമായി എത്തി. 100 രൂപ അധികം നൽകിയാൽ കുപ്പി ഒന്ന് തരാം എന്നായിരുന്നു വാഗ്ദാനം. കാത്തിരുന്ന എക്സൈസ് ഓഫീസർ കയ്യോടെ അനധികൃത മദ്യ കച്ചവടക്കാരനെ പിടികൂടി.  മാറി നിന്നിരുന്ന എക്സൈസ് സംഘത്തിലെ മറ്റു ഉദ്യോഗസ്ഥരും കൂടിച്ചേർന്നാണ് ബോസിയെ പിടികൂടിയത്.

  ബോസിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 4. 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്സൈസ് കണ്ടെടുത്തു. വസ്ത്രത്തിലെ വിവിധഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യ കുപ്പികൾ സൂക്ഷിച്ചിരുന്നത്.  നേരത്തെയും ഇയാൾക്കെതിരെ മറ്റു പല കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. അനധികൃത മദ്യ വിൽപ്പന വഴി ലഭിച്ച 2290 രൂപയും ഇയാളുടെ പക്കൽനിന്ന് തൊണ്ടി ആയി കണ്ടെത്തിയിട്ടുണ്ട്.

  Also Read-നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ അറസ്റ്റിൽ

  പൊതുപ്രവർത്തകൻ ആയിരുന്നു ബോസി എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡന്റ് ആയി ബോസി പ്രവർത്തിച്ചിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇയാൾ ബിവറേജസ് ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് മദ്യം വിടുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് ഓഫീസർമാരായ ആനന്ദരാജ്,  റോബിൻ അലക്സ്,  ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും  അനധികൃത മദ്യവില്പന പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.

  കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിലും അനധികൃത മദ്യവിൽപ്പന എക്സൈസ് സംഘം പിടികൂടി. ചങ്ങനാശ്ശേരി തൃക്കോതമംഗലം ഭാഗത്ത് വ്യാപകമായി അനധികൃത മദ്യവിൽപ്പന നടക്കുന്നതായി പൊതുജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 43കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുക്കുകയും, രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.  ചങ്ങനാശ്ശേരി വാകത്താനം വില്ലേജിൽ കാടമുറി ഭാഗത്ത് പാണം കുന്നേൽ വീട്ടിൽ ഗോപിദാസ്, ചങ്ങനാശ്ശേരി വാക ത്താനം  വില്ലേജിൽ തൃക്കോതമംഗലം സ്കൂളിനു സമീപം പറയകുളം വീട്ടിൽ ബാബു എന്നിവരാണ് വ്യത്യസ്ത കേസുകളിലായി പിടിയിലായത്.  എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ശ്രീ വൈശാഖ് V പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ അന്വഷണമാണ് പ്രതികളെ കണ്ടെത്തി കേസ് എടുക്കാൻ സഹായമായത്. അനധികൃത മദ്യവിൽപ്പനക്കായി ഗോപി ദാസിന്റ പക്കൽ സൂക്ഷിച്ചിരുന്ന 34 ( 20 ലിറ്റർ) കുപ്പി ഇന്ത്യൻനിർമ്മിത വിദേശ മദ്യവും ബാബുവിന്റെ പക്കൽ സൂക്ഷിച്ചിരുന്ന 1.6 ലിറ്റർ മദ്യവും കണ്ടെടുത്തു. ഇതുകൂടാതെ ആളല്ലാ ആ നിലയിൽ കണ്ട 3.5 ലിറ്റർ  മദ്യത്തിന്റെ ഉടമയെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തിവരികയാണ്.
  Published by:Jayesh Krishnan
  First published: