പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് ധരിച്ച്
പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് ധരിച്ച്
പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കൊച്ചി: കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്.
പുലർച്ചെ വീടിന്റെ മുൻവശത്തെ വാതിലിലൂടെ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ ബലമായി പിടിച്ചു തള്ളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റു.
ഇവരുടെ വീടിന്റെ തൊട്ടടുത്താണ് മകളും കുടുംബവും താമസിക്കുന്നത്. മഴയായതിനാല്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല. പ്രധാന വഴിയില്‍നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് വീട്ടമ്മയുടെ വീട്. മുൻ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. പെരുമ്പാവൂര്‍ ഡിവൈ എസ് പി ഇ പി റെജി, ഇൻസ്പെക്ടർ വി ടി ഷാജന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ പോയ രണ്ടു പേർ പിടിയിലായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കെ. എസ്. എഫ്. ഇയില്‍നിന്ന് ഭവന വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തുവിന്റെ ആധാരം വാങ്ങിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2017 മുതൽ തുടങ്ങിയ തട്ടിപ്പിനൊടുവിലാണ് പ്രേംചന്ദും അനിൽകുമാറും പണം തട്ടിയെടുത്തത്.
2017ൽ ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെ കെ. എസ്. എഫ്. ഇ ഏജന്റുമാരെന്ന് പരിചയപ്പെടുത്തിയാണ് പ്രേംചന്ദും അനിൽകുമാറും തട്ടിപ്പ് നടത്തിയത്. കെ എസ് എഫ് ഇയിൽനിന്ന് ഭവനവായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ വസ്തുവിന്റെ ആധാരവും കരം ഒടുക്കിയ രസീതും കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. കെ. എസ്. എഫ്. ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ നിന്ന് വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ഈ രേഖകൾ ജാമ്യമായി നൽകിയാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തത്. പ്രതികൾ പിടിച്ച ചിട്ടി മുടങ്ങിയതിനെ തുടർന്ന് കെ എസ് എഫ് ഇയിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് വീട്ടമ്മ തട്ടിപ്പ് മനസിലാക്കിയത്.
ഇതോടെ 2019ല്‍ കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമായതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെ കുറിച്ച് കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി എ. സി. പി ഹരികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിന് സമീപത്തുള്ള ഒരു വീട്ടിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്. എച്ച്. ഒ ഹരിലാല്‍, എസ്. ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്. സി. പി. ഒ നൗഫല്‍, സി. പി. ഒമാരായ വിനീത്, പ്രതാപന് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.