• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃക്കാക്കരയിൽ രണ്ട് വയസ്സുകാരിക്ക് പരിക്കേറ്റ സംഭവം: അമ്മയുടെ സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

തൃക്കാക്കരയിൽ രണ്ട് വയസ്സുകാരിക്ക് പരിക്കേറ്റ സംഭവം: അമ്മയുടെ സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

ബംഗലൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
എറണാകുളം തൃക്കാക്കരയിൽ (Thrikkakkara) രണ്ടു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗലൂരുവിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആന്റണി ടിജിനെ കൊച്ചിയിൽ എത്തിച്ച് പോലീസ് ചോദ്യം ചെയ്യും.

സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്നലെ ഫോൺ ഓൺ ചെയ്തു. പല ആളുകൾക്കും വാട്സാപ്പിലൂടെ സന്ദേശവും അയച്ചിരുന്നു. ഫോൺ വിവരം പിന്തുടർന്നാണ് പോലീസ് ആന്റണി ടിജിനെ പിടികൂടിയത്. കുട്ടിക്ക് പരിക്കേറ്റ ശേഷം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഇയാൾ പോയിരുന്നു.

അമ്മയുൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടിയെ ഇല്ലാതാക്കാൻ തന്നെയാണ് വീട്ടിലുള്ളവർ ശ്രമിച്ചതെന്നും, കുട്ടിയെ മർദ്ദിച്ചതിൽ  അമ്മയുൾപ്പെടെ വീട്ടിൽ എല്ലാവർക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ്  ന്യൂസ് 18 നോട് പറഞ്ഞു.

സഹോദരിയുടെ സുഹൃത്തായ ആൻറണി ടിജിനെതിരെ താൻ നേരത്തെ നൽകിയ പരാതിയിൽ ഇയാൾക്ക് വൈരാഗ്യം ഉണ്ട്. കുട്ടിയുടെ ശരീരത്തിലുള്ള പരിക്കുകൾ പല കാലങ്ങളിലായി വീട്ടുകാർ ഉപദ്രവിച്ചത് തന്നെയാണ്‌. കൈ ഒടിഞ്ഞ് മകൾ ബോധരഹിതയായതുകൊണ്ടു മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പിതാവ് പറഞ്ഞു. മകളുടെ ആരോഗ്യം മെച്ചപ്പെട്ടാൽ തിരുവനന്തപുരത്ത് എത്തിച്ച് ചികത്സിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തായ ആന്റണി ടിജിൻ  മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ കുട്ടിയെ മർദ്ദിക്കാൻ സാധ്യതയുണ്ടെന്നും പിതാവ് പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസമായി  ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. നേരത്തെ എറണാകുളം കുമ്പളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.

സഹോദരിയും ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തായ ആൻറണി ടിജിൻ പിന്നീട് ഇവർക്കൊപ്പം തന്നെയായി താമസം.  ഇയാളെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. എന്നാൽ വീട്ടിൽ വച്ച്  മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട്. ഇതിനെത്തുടർന്ന്  കുമ്പളത്തെ വീട്ടിൽ താമസിക്കുമ്പോൾ പനങ്ങാട് പോലീസ് സ്റ്റേഷനിൽ  പരാതി നൽകിയിരുന്നതാണ്. സഹോദരിയുടെ ഭർത്താവും താനും  ചേർന്നാണ്  പരാതി  നൽകിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കൈമുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ വച്ചായിരുന്നു ആത്മഹത്യാശ്രമം. രണ്ട് കൈത്തണ്ടകളും മുറിച്ചു. കുട്ടിയുടെ അമ്മൂമ്മ ഇന്ന് രാവിലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മൂമ്മയും കൈത്തണ്ട മുറിച്ചു. കഴുത്തിലും മുറിവുണ്ടായിരുന്നു. ഇവർ ഗുളികയും കഴിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്നു അമ്മൂമ്മ.

അമ്മയും അമ്മൂമ്മയും അപകടനില തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടി കണ്ണ് തുറന്നിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറിയിട്ടുണ്ട്.
Published by:user_57
First published: