• HOME
 • »
 • NEWS
 • »
 • crime
 • »
 • വീട്ടിലെ സ്വർണം മോഷണം പോയെന്നു കരുതി കീഴടക്കിയ മോഷ്ടാവ് മരിച്ചു; ഗൃഹനാഥൻ അറസ്റ്റിൽ

വീട്ടിലെ സ്വർണം മോഷണം പോയെന്നു കരുതി കീഴടക്കിയ മോഷ്ടാവ് മരിച്ചു; ഗൃഹനാഥൻ അറസ്റ്റിൽ

രാജേന്ദ്രന്റെ വീട്ടിൽ സൂക്ഷിച്ച 6000 രൂപയും ഫ്രിഡ്ജിൽ ഇരുന്ന ഇറച്ചിയും രണ്ടു താറാമുട്ടയും മരിച്ചുകിടന്ന ജോസഫിന്റെ പക്കൽ നിന്നും കണ്ടെടുത്തു

Joseph_death

Joseph_death

 • Last Updated :
 • Share this:
  കട്ടപ്പന: മോഷണത്തിന് കയറിയ ആളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ കമിഴ്ന്നു വീണപ്പോൾ തല നിലത്തു ചേർത്ത് അമർത്തി കൈ കെട്ടാൻ ശ്രമിച്ച് അൽപ്പം കഴിഞ്ഞപ്പോൾ അനക്കമറ്റ നിലയിലായെന്ന് ജോസഫ് കൊലക്കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ. ചോദ്യം ചെയ്യലിൽ പൊലീസിനോടാണ് രാജേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

  വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് ജോസഫ് മോഷ്ടിക്കാൻ അകത്ത് കടന്നതെന്ന് പോലീസിനോട് രാജേന്ദ്രൻ പറഞ്ഞു. മഴയുണ്ടായിരുന്നു. കറണ്ട് ഇല്ലായിരുന്നു. താൻ ഉറങ്ങിക്കിടന്ന മുറിയിലെ അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ ജോസഫിന്റെ കൈതട്ടി നിലത്ത് വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ബാഗുകളും മറ്റും സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടതോടെ തന്റെ മകളുടെ സ്വർണം കള്ളൻ കൊണ്ടുപോയി എന്നു കരുതി രാജേന്ദ്രൻ പിറകെ ഓടി.

  കുറച്ചു ദൂരത്തിനുള്ളിൽ പിടിച്ചുനിർത്തിയപ്പോൾ ജോസഫ് രാജേന്ദ്രന്റെ മുഖത്ത് കടിച്ചു. രണ്ടു പല്ലിറങ്ങിയ വേദനയിൽ രാജേന്ദ്രൻ പിടിവിട്ടപ്പോൾ ജോസഫ് വീണ്ടും ഓടി. പിന്തുടർന്നപ്പോൾ വീണ്ടും മൽപ്പിടുത്തമുണ്ടായി. കീഴടക്കാൻ കമിഴ്‌ത്തി കിടത്തി രാജേന്ദ്രൻ കഴുത്തിന് കുത്തിപ്പിടിച്ചു. ജോസഫ് ബലം പ്രയോഗിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ നിലത്തോട് ചേർത്ത് നന്നായി അമർത്തി. താമസിയാതെ ജോസഫിന്റെ പ്രതിരോധത്തിന്റെ ശക്തി കുറഞ്ഞു വന്നു. ഉടൻ ചലനമറ്റ അവസ്ഥയിലായി. പുലർച്ചയോടെ തന്റെ വീട്ടിൽ ജോസഫിനെ കണ്ടത് മുതൽ അയാൾ ചലനമറ്റ അവസ്ഥയിൽ എത്തുന്നതുവരെയുള്ള സംഭവത്തെക്കുറിച്ച് അറസ്റ്റിലായ രാജേന്ദ്രൻ പൊലീസിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇങ്ങനെ. രാജേന്ദ്രന്റെ വീട്ടിൽ സൂക്ഷിച്ച 6000 രൂപയും ഫ്രിഡ്ജിൽ ഇരുന്ന ഇറച്ചിയും രണ്ടു താറാമുട്ടയും ജോസഫിന്റെ പക്കൽ നിന്നും കണ്ടെടുത്തു.

  മോഷണശ്രമത്തിനിടയിൽ പിടികൂടിയ ജോസഫ് മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടു എന്നായിരുന്നു രാജേന്ദ്രൻ ആദ്യം പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ ശ്വാസം മുട്ടിയതിനെത്തുടർന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ രാജേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ആദ്യം രാജേന്ദ്രൻ മുൻ നിലപാട് ആവർത്തിച്ചെങ്കിലും അധിക സമയം പിടിച്ചുനിൽക്കാനായില്ല. തുടർന്ന് സംഭവിച്ച കാര്യങ്ങൾ ഇയാൾ പൊലീസിനോട് വിശദമാക്കുകയായിരുന്നു.

  Also Read- മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് സ്ഥിരീകരണം

  സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫാണ് (56) ചൊവ്വാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ജോലിക്കും മറ്റും പോകാൻ താല്പര്യം ഇല്ലാതിരുന്ന ഇയാൾ പതിവായി ഓൺലൈൻ റമ്മി കളിച്ചിരുന്നു. രാവിലെ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ഏകദേശം 150 മീറ്ററോളം അകലെയാണ് ജോസഫിന്റെ ജഡം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ജോസഫ് പുലർച്ചെ അടുക്കളവാതിൽപൊളിച്ച് തന്റെ വീട്ടിൽ കയറിയെന്നും മോഷ്ടിക്കാൻ ശ്രമിച്ചെന്നും പിടിവലി നടന്നെന്നും മറ്റുമുള്ള വിവരങ്ങൾ രാജേന്ദ്രൻ പരിസരവാസികളുമായി പങ്കിട്ടത്.

  പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ തന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ പിടികൂടിയ ജോസഫ് മൽപ്പിടുത്തത്തിനിടയിൽ മുഖത്ത് കടിച്ച ശേഷം ഓടി രക്ഷപെട്ടു എന്നായിരുന്നു രാജേന്ദ്രൻ ആദ്യം പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്

  ഇടുക്കി എസ് പി കറുപ്പുസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിൽ ഉടുമ്പൻചോല സിഐ ഫിലിപ് സാം,നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തിന് പിന്നിലെ ദൂരൂഹത അകറ്റിയത്. ഇന്നലെ രാത്രി രാജേന്ദ്രന്റെ അറസ്റ്റു രേഖപ്പെടുത്തി. ജോസഫിന് എതിരെ മോഷണത്തിന് കേസ് എടുത്തിട്ടുണ്ട്.
  Published by:Anuraj GR
  First published: