ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കും. ബാങ്ക് രേഖകളിൽ നിന്ന് കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചേക്കുമെന്ന നിഗമനത്തിലാണ് പൊലീസിന്റെ ഈ നീക്കം. കൂടാതെ ഈയിടെ ചാരുംമൂട്ടിലും കായംകുളത്തും കണ്ടെത്തിയ കള്ളനോട്ട് ഇടപാടുകളുമായി ഇവർക്കു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജിഷ കൈമാറിയ കള്ളനോട്ടുകളും ചാരുംമൂട്ടിലെയും കായംകുളത്തെയും കള്ളനോട്ടുകളുമായി സാമ്യമുണ്ടോ എന്നു പരിശോധിക്കാനായി നോട്ടുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കും.
ഇതുവരെയായി കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജിഷ അറസ്റ്റിലായതിനെ തുടർന്ന് ഒളിവിൽ പോയ ആളെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ ജിഷ തന്നെയാണ് ഇയാളെപ്പറ്റി സൂചന നൽകിയത്. കേസിൽ സൗത്ത് പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയായി കള്ളനോട്ട് കേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സ്ക്വാഡിന്റെ അന്വേഷണവും ഉണ്ടാകുമെന്ന് അറിയുന്നു.
ജിഷയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമം നടത്തുന്നതിനിടെയാണ് ജിഷയെ കഴിഞ്ഞദിവസം രാത്രിയിൽ ഏതാനും ദിവസത്തേക്ക് മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കാനുളള . കോടതി നിര്‍ദേശം തിരിച്ചടിയായി. ഇവരുടെ ചികിത്സ ആരംഭിച്ചെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.