വിശാഖപട്ടണം: ആന്ധ്രയിലെ ഒരു ബാങ്ക് ജീവനക്കാരൻ ലോക്കർ കൊള്ളയടിക്കുകയും സ്വർണം വിറ്റ് ഓൺലൈൻ റമ്മിയും ചൂതാട്ടവും കളിക്കാൻ പണം ചെലവഴിക്കുകയും ചെയ്തതായി കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡയിൽ ജോലി ചെയ്യുന്ന അറ്റൻഡർ ആയ സുമന്ത് ആണ് ലോക്കർ തകർത്ത് 2.36 കോടി രൂപയുടെ സ്വർണം കവർന്നത്. ഗുണ്ടൂർ ജില്ലയിലെ ബാപറ്റ്ല ബ്രാഞ്ചിൽനിന്നാണ് ഇയാൾ 2.36 കോടി രൂപയുടെ സ്വർണം കൊള്ളയടിക്കുകയും ഓൺലൈൻ റമ്മി കളിക്കാൻ ഉപയോഗിക്കുകയും ചെയ്തതായി ആന്ധ്രാ പോലീസ് കണ്ടെത്തിയത്.
ബാങ്ക് ലോക്കറിലെ സ്വർണം വ്യാജ സ്വർണ്ണമാക്കി മാറ്റിയതായി ഓഡിറ്റിൽ മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയിൽ സുമന്തിനെയും മറ്റ് രണ്ട് കൂട്ടാളികളെയും പോലീസ് സെപ്റ്റംബർ രണ്ടിന് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, പെർല സുമന്ത് ഗുണ്ടൂർ ജില്ലയിലെ ബാപ്പറ്റ്ല ബ്രാഞ്ചിലെ ബാങ്ക് ഓഫ് ബറോഡയിൽ അറ്റൻഡറായി ജോലി ചെയ്തു വരികയായിരുന്നു. "അയാൾക്ക് റമ്മിയും ഓൺലൈനിൽ മറ്റ് ചൂതാട്ട ഗെയിമുകളും കളിക്കുന്ന ശീലം ഉണ്ടായിരുന്നു. ചൂതാട്ടത്തിൽ നിക്ഷേപിക്കാൻ, അവൻ ജോലി ചെയ്യുന്ന ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിച്ചു." പോലീസ് പറഞ്ഞു.
സുഹൃത്ത് അശോക് കുമാറിന്റെയും സഹോദരൻ കിഷോർ കുമാറിന്റെയും സഹായത്തോടെയാണ് സുമന്ത് ബാങ്ക് ലോക്കർ കൊള്ളയടിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. "സ്ട്രോംഗ് റൂമിൽ നിന്ന് സഹപ്രവർത്തകരായ ജീവനക്കാർക്ക് സംശയത്തിന് അവസരം നൽകാതെ സുമന്ത് പലതവണ സ്വർണം കവർന്നു. 48 വ്യത്യസ്ത സ്വർണ്ണ ബാഗുകളിൽ നിന്ന് 5.8 കിലോഗ്രാം സ്വർണം സുമന്ത് കൊള്ളയടിക്കുകയും പകരം വ്യാജ സ്വർണ്ണം വെക്കുകയും ചെയ്തു." പോലീസ് പറഞ്ഞു.
തുടർന്ന്, സുമന്ത് വ്യത്യസ്ത ബാങ്കുകളിൽ നിരവധി അക്കൗണ്ടുകൾ ആരംഭിക്കുകയും സ്വർണം പണയം വയ്ക്കുകയും ചെയ്തു. പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബപ്പറ്റയിലെ സൂര്യലങ്ക റോഡിലുള്ള ബ്രാഞിൽ വൻ അളവിലുള്ള സ്വർണം പണയം വയ്ക്കുകയും ചെയ്തു. സ്വന്തം പേരിൽ 1350.07 ഗ്രാം സ്വർണവും, അശോക് കുമാറിന്റെ പേരിൽ 1146.65 ഗ്രാം സ്വർണവും, കിഷോർ കുമാറിന്റെ പേരിൽ 1541.83 ഗ്രാം സ്വർണവും, ഇവരുടെ അമ്മയുടെ പേരിൽ (അശോക് കുമാർ, കിഷോർ കുമാർ) 799.09 ഗ്രാം സ്വർണവും സുമന്ത് പണയം വച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെയും കൂട്ടു പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.