വായ്പാ അപേക്ഷ (Loan Application) നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ യുവാവ് ബാങ്കിന് (Bank) തീയിട്ടു. കര്‍ണാടകയിലെ (Karnataka) ഹവേരി ജില്ലയിലാണ് സംഭവം. റാട്ടിഹള്ളി ടൗൺ സ്വദേശിയായ വസിം ഹസ്രത്‌സാബ് മുല്ലയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കാഗിനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന കാനറ ബാങ്ക് (Canara Bank) ശാഖയില്‍ മുല്ല വായ്പാ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സിബില്‍ സ്‌കോര്‍ (CIBIL Score) കുറവായതിനാല്‍ ബാങ്ക് അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഞായറാഴ്ച രാത്രി ബാങ്ക് ശാഖയിലെത്തുകയും ജനല്‍ തകര്‍ത്ത് ഓഫീസിനുള്ളിലും ചുറ്റിനും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. വഴിയാത്രക്കാര്‍ പുക ഉയരുന്നത് കണ്ട് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. തീപിടിത്തത്തില്‍ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. അഞ്ച് കമ്പ്യൂട്ടറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍, പാസ്ബുക്ക് പ്രിന്റര്‍, പണം എണ്ണുന്ന യന്ത്രം, രേഖകള്‍, സിസിടിവികള്‍, ക്യാഷ് കൗണ്ടറുകള്‍ എന്നിവ കത്തി നശിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 436, 477, 435 വകുപ്പുകള്‍ പ്രകാരം കാഗിനെല്ലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പത്തിമൂന്നുകാരനായ മുല്ല, വായ്പയ്ക്ക് അപേക്ഷിക്കാനുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു. ഏറെ ശ്രമപ്പെട്ടാണ് ഇയാള്‍ രേഖകള്‍ സമര്‍പ്പിച്ചത്. എന്നാൽ, വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ശനിയാഴ്ച ബാങ്ക് അധികൃതര്‍ മുല്ലയെ അറിയിച്ചു. സിബില്‍ സ്‌കോര്‍ കുറവായതിനാൽ വായ്പ തിരിച്ചടക്കാൻ ശേഷിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപേക്ഷ തള്ളിയത്.
Also Read-Arrest| പാലക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ
അതിനിടെ, ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ യുകെയിലെ ബാങ്കായ സാന്റന്‍ഡര്‍ (Santander) അബദ്ധവശാല്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് 130 മില്യണ്‍ പൗണ്ട് (175 മില്യണ്‍ ഡോളര്‍) കൈമാറുകയുണ്ടായി. ഏകദേശം 2,000 കോര്‍പ്പറേറ്റ്, വാണിജ്യ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 75,000 ഇടപാടുകളിലൂടെ പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ''ഒരു സാങ്കേതിക പ്രശ്നം കാരണം ഞങ്ങളുടെ ഉപഭോക്താക്കളിൽ ചിലരുടെ അക്കൗണ്ടുകളിലേക്ക് അബദ്ധവശാല്‍ പണം കൈമാറ്റം ചെയ്യപ്പെട്ടു. സംഭവത്തിൽ ഞങ്ങള്‍ ഖേദം രേഖപ്പെടുത്തുന്നു'', വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ ബാങ്ക് അധികൃതര്‍ അറിയിച്ചു. അബദ്ധം തിരിച്ചറിഞ്ഞതോടെ വേഗത്തില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്‌തെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.