HOME » NEWS » Crime » BEAUTY PARLOR SHOOTING CASE RAVI PUJARI BROUGHT TO KOCHI AR TV

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ 2018 ഡിസംബര്‍ 15-ന് ഉണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് രാജ്യാന്തര കുറ്റവാളികൂടിയായ രവി പൂജാരിക്കെതിരായ അന്വേഷണം

News18 Malayalam | news18-malayalam
Updated: June 2, 2021, 10:40 PM IST
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
രവി പൂജാരി
  • Share this:
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രാജ്യാന്തര കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയവരുമായി രവി പൂജാരിയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പരിശോധിയ്ക്കും. രവി പൂജാരിയുടെ ശബ്ദ സാംമ്പിളും അന്വേഷണ സംഘം ശേഖരിയ്ക്കും.

കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ 2018 ഡിസംബര്‍ 15-ന് ഉണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് രാജ്യാന്തര കുറ്റവാളികൂടിയായ രവി പൂജാരിക്കെതിരായ അന്വേഷണം. വെടി വെയ്പ്പ് നടത്തിയ സംഘവുമായി രവി പൂജാരിയ്ക്ക് ബന്ധമുണ്ടോ, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് പരിശോധിയ്ക്കുന്നത്. വെടിവെയ്പ്പ് നടക്കുന്നതിന് മുന്‍പ് രവി പൂജാരിയുടെ പേരില്‍ പരാതിക്കാരിയും നടിയുമായ ലീനാ മരി പോളിന് ഫോണ്‍ വന്നിരുന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്കും ശബ്ദ രേഖ ലഭിച്ചു. ഇത് രവി പൂജാരിയുടേതാണോയെന്ന് പരിശോധിയ്‌ക്കേണ്ടതുണ്ട്. അതിനായാണ് ശബ്ദ സംബിളുകള്‍ ശേഖരിയ്ക്കുന്നത്.

ബ്യൂട്ടി പാര്‍ലര്‍ കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കാന്‍ അന്വേഷണ സംഘം ശ്രമം നടത്തിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലായിരുന്ന ഇയാളെ വിട്ടുനല്‍കാന്‍ മുംബൈ പോലീസ് തയ്യാറായിരുന്നില്ല. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. ബംഗലൂരുവില്‍ നിന്ന് വിമാന മാര്‍ഗമാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. കനത്ത സുരക്ഷയാണ് രവി പൂജാരിയ്ക്കായി ഒരുക്കിയിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ചിന് രവി പൂജാരിയെ ലഭിച്ചിരിയ്ക്കുന്നത്.

ഒരു വർഷത്തോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അധോലോക നായകൻ രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയിലായത്. ഫെബ്രുവരി 24ന് രാവിലെയാണ് രവി പൂജാരിയെ ബെംഗളുരുവിൽ നിന്നും മുംബൈയിൽ എത്തിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ പൊലീസിന് പൂജാരിയെ കസ്റ്റഡ‍ിയിൽ നൽകാൻ ബെംഗളുരു കോടതി ഉത്തരവിട്ടത്.

2016 ഗസാലി ഹോട്ടൽ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഒരു വർഷത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയിൽ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കോടതിയിൽ ഹാജരാക്കിയ പൂജാരിയെ മാർച്ച് 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സെനഗലിൽ നിന്നും രവി പൂജാരിയെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിക്കെതിരെ കൊലപാതകങ്ങൾ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.


1994 ൽ മുംബൈയിൽ നിന്നും നേപ്പാളിലേക്ക് കടന്ന രവി പൂജാരി പിന്നീട് ബാങ്കോക്, ഉഗാണ്ട, ബർകിന ഫാസോ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ് ഒടുവിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

അധോലോക നായകൻ ഛോട്ടാ രാജന്റെ ഏറ്റവും അടുത്തയാളായ രവി പൂജാരിക്കെതിരെ ഒരു ഡസനിലധികം കൊലപാതക കേസുകളുണ്ട്. ബോളിവുഡ് താരങ്ങൾക്കും മുംബൈയിലെ പ്രമുഖ വ്യവസായികൾക്കും പണം ആവശ്യപ്പെട്ട് ഭീഷണി കോളുകളും രവി പൂജാരിയിൽ നിന്ന് ലഭിച്ചിരുന്നു.
Published by: Anuraj GR
First published: June 2, 2021, 10:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories