• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | എറണാകുളത്ത് രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയില്‍; ലഹരി മരുന്ന് വേട്ട ശക്തമാക്കി പോലീസ്

Drug Seized | എറണാകുളത്ത് രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയില്‍; ലഹരി മരുന്ന് വേട്ട ശക്തമാക്കി പോലീസ്

റൂറല്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്

  • Share this:
കൊച്ചി: രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശി പിടിയില്‍. മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാമിനെ (34) ആണ് മുവാറ്റുപുഴ പോലീസ് (Police) അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 23 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തു. റൂറല്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍കാല കുറ്റവാളികളേയും സമാന കേസുകളില്‍ പിടിക്കപ്പെട്ടവരേയും നിരീക്ഷിച്ചുവരികയായിരുന്നു.

ഒരാഴ്ച മുമ്പാണ് ഇയാള്‍ കൊല്‍ക്കത്തയില്‍ നിന്ന് എത്തിയത്. അതിഥി തൊഴിലാളികളുടെ ഇടയില്‍ വില്‍പ്പനയായിരുന്നു ഇയാളുടെ ലക്ഷ്യം. പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. കീച്ചേരിപ്പടി ഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രതി മയക്കു മരുന്ന് വില്പന നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ സി.ജെ.മാര്‍ട്ടിന്‍ എ എസ് ഐ പി.സി.ജയകുമാര്‍, സി പി ഒ ബിബില്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

എറണാകുളം റൂറല്‍ ജില്ലയില്‍ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് നടത്തി വന്ന സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി ചെറായി ബീച്ച് റോഡ് ജംഗ്ഷനില്‍ വച്ച് മുനമ്പം പോലീസ് നടത്തിയ വാഹനപരിശോധനയില്‍ 173 ഗ്രാം ഹാഷിഷ് ഓയിലുമായി 3 പേരെ അറസ്റ്റ് ചെയ്തു.

കോട്ടുവള്ളി വാണിയക്കാട് കുട്ടന്‍തുരുത്ത് ഭാഗത്ത് അതുല്‍ (24), കുഴുപ്പിള്ളി മുനമ്പം ബീച്ച് ഭാഗത്ത് കുരിശിങ്കല്‍ വീട്ടില്‍ ഷിന്റ്റോ (28), മുനമ്പം ബീച്ച് ഭാഗത്ത് പടമാട്ടുമ്മല്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ നോയല്‍ (22) എന്നിവരാണ് അറസ്റ്റിലായത് . ഇവര്‍ സഞ്ചരിച്ചുവന്ന കാറിന്റെ സീറ്റിനടിയിലാണ് ഹാഷിഷ് ഓയില്‍ ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി സൂക്ഷിച്ചുവച്ചിരുന്നത് .

അങ്കമാലിയല്‍ പിക്കപ്പ് വാഹനത്തില്‍ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (49), വള്ളോപ്പിള്ളി വീട്ടില്‍ ഹുസൈന്‍ അബ്ദുള്‍ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഹൈവേയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ഹാന്‍സുമായി പിടിയിലാകുന്നത്. ബാംഗ്ലൂരില്‍ നിന്നും പാലക്കാട്ടെത്തിച്ച് അവിടെ നിന്നും വാഹനത്തില്‍ മാറ്റിക്കയറ്റിയാണ് ഹാന്‍സ് കൊണ്ടുവന്നത്. എട്ടുലക്ഷം രൂപക്കാണ് വാങ്ങിയതെന്നും, ഇവിടെ വിറ്റു കഴിയുമ്പോള്‍ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികള്‍ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുവാനാണ് കൊണ്ടുവന്നത്.

Also Read-Arrest | ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്നു; രണ്ടു പേര്‍ പിടിയില്‍

എറണാകുളം റൂറല്‍ ജില്ലയില്‍ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍, വ്യാജ മദ്യം എന്നിവയുടെ വില്‍പ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തി വന്ന സ്‌പെഷ്യല്‍ഡ്രൈവില്‍ അമ്പത്തിരണ്ട് കേസുകള്‍. രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 8 കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

Also Read-Arrest| ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ

ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടക്കുകയാണ്.ഡ്രൈവിന്റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവില്‍പ്പന, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയില്‍ മുന്‍ കാലങ്ങളില്‍ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിനും സൈബര്‍ പോലീസ് സ്റ്റേഷനും നിര്‍ദ്ദേശവും നല്‍കിയിരുന്നു.
Published by:Jayashankar AV
First published: