ഇൻഡോർ: ഏറെ കോളിളക്കം സൃഷ്ടിച്ച ആത്മീയ ഗുരു ഭയ്യൂ മഹാരാജിന്റെ ആത്മഹത്യ കേസിൽ വഴിത്തിരിവ്. പീഡിപ്പിച്ചതായി പരാതി നൽകുമെന്ന ഒരു യുവതിയുടെ ബ്ലാക്ക് മെയിലിനെ തുടർന്നാണ് ഭയ്യൂ മഹാരാജ് സ്വയം വെടിവെച്ച് മരിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഭയ്യൂ മഹാരാജിന്റെ ശിഷ്യ പാലക്, ഉറ്റ അനുയായി വിനായക് ദൂലെ, ആശ്രമത്തിലെ ഡ്രൈവർ ശരദ് ദേശ് മുഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം അനുസരിച്ച് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പാലക് നിരന്തരം ഭയ്യൂ മഹാരാജിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭയ്യൂ മഹാരാജ് ഇതിന് മുമ്പ് ഒരുതവണ വിവാഹം കഴിക്കുകയും രണ്ടാമത് വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് 2017 ജൂണിൽ ഡോ ആയുഷി ശർമയുമായാണ് വിവാഹനിശ്ചയം നടത്തിയത്. എന്നാൽ വിവാഹം നിശ്ചയം നടത്തി അധികം വൈകാതെ ഭയ്യൂ മഹാരാജ് സന്ന്യാസം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.
ഇതേ തുടർന്നാണ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പാലക് സമ്മർദ്ദം ശക്തമാക്കിയത്. എന്നാൽ പാലകിന്റെ ആവശ്യം ഭയ്യൂ മഹാരാജ് നിരസിച്ചു. ഇതോടെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകുമെന്ന് പാലക് ഭീഷണിപ്പെടുത്തി. ശിഷ്യയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ആത്മീയ ഗുരു ദതി മഹാരാജിന്റെ വിധി തന്നെയാകും ഭയ്യൂവിനും ഉണ്ടാകുകയെന്ന് പാലക് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആത്മീയ ഗുരു ആത്മഹത്യ ചെയ്തത്. പാലകും കൂട്ടരും ഭയ്യൂ മഹാരാജിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം ഉൾപ്പടെയുള്ള തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഇൻഡോർ ഡിഐജി നാരായണാചാരി മിശ്ര പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.