പത്തനംതിട്ട: അടൂരിൽ വ്യാജനമ്പർ പ്ലേറ്റുമായി മോട്ടോർ വാഹന വകുപ്പ് ബുള്ളറ്റ് പിടികൂടിയ അതേ വീട്ടിൽ നിന്ന് വീണ്ടും വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്ക് പിടികൂടി. കടമ്പനാട് സ്വദേശി അഖിലിന്റെ വീട്ടിൽ നിന്നാണ് ബജാജ് സിടി 100 ബൈക്ക് പിടികൂടിയത്. നേരത്തേ വ്യാജ നമ്പർ പ്ലേറ്റുള്ള പച്ചബുള്ളറ്റ് ഇവിടെനിന്നും പിടികുടിയിരുന്നു. ബുള്ളറ്റ് പിടികൂടി 11 ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ചുവന്ന ബുള്ളറ്റിന്റെ നമ്പർ നോക്കി പിഴ അടയ്ക്കാനുള്ള ഓൺലൈൻ ചെല്ലാൻ അയച്ചതോടെയാണ് കഥയുടെ തുടക്കം.
മാര്‍ച്ച് ആറിന് മാവേലിക്കര സ്വദേശി ഇതേ നമ്പരിലുള്ള ചുവന്ന ബുള്ളറ്റുമായി അടൂര്‍ ആര്‍ടി ഓഫീസില്‍ ഹാജരായി. മാര്‍ച്ച് നാലിന് താൻ കടമ്പനാട് വഴി പോയിട്ടില്ലെന്നും തന്റെ രേഖകൾ എല്ലാം കൃത്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പച്ച ബുള്ളറ്റ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ചോദിച്ചറിഞ്ഞും കഴിഞ്ഞ എട്ടിന് ഇവര്‍ കടമ്പനാട് സ്വദേശി അഖിലിന്റെ വീടിന്റെ പോര്‍ച്ചില്‍ വാഹനം കണ്ടെത്തി.രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെങ്കിലും എന്‍ജിന്‍ നമ്പര്‍ ഒറിജിനല്‍ ആയിരുന്നു. വാഹനം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചെങ്കിലും അഖില്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കി.
Also read- വീടിന്റെ അടുക്കള തോട്ടത്തില്‍ കഞ്ചാവുചെടി ; എക്സൈസിനെ കണ്ട് വീട്ടുടമ ഓടി രക്ഷപ്പെട്ടു
അതിനാൽ ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്ത് അടൂര്‍ പോലീസിന് കൈമാറി. എന്നാൽ പിന്നീട് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ അഖിലിന്റെ വീടിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ പോര്‍ച്ചില്‍ ഒരു ബജാജ് സിടി 100 ബൈക്ക് കാണുന്നത്.സംശയം തോന്നിയ ഇവര്‍ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ തിരഞ്ഞപ്പോള്‍ വാഹനത്തിന്റെ രേഖകൾ കാലാവധി കഴിഞ്ഞതാണെന്ന് മനസിലായി. പക്ഷേ, അഖിലിന്റെ വീട്ടിൽ കണ്ട വാഹനം നിലവിൽ ഓടക്കൊണ്ടിരിക്കുന്നതാണ്. പന്തികേട് മണത്ത് ഉദ്യോഗസ്ഥർ വീട്ടിലേക്ക് ചെന്ന് വണ്ടിയുടെ എൻജിൻ നമ്പരും ചേസിസ് നമ്പരും പരിശോധിച്ചപ്പോൾ വാഹനം വ്യാജമാണ് എന്ന് വ്യക്തമായി.
വണ്ടിയിലുള്ള എൻജിൻ നമ്പരും ചേസിസ് നമ്പരും വച്ച് പരിശോധിച്ചപ്പോൾ യഥാർഥ നമ്പർ കെ.എൽ.03 എൽ 6663 ആണെന്ന് വെബ്സൈറ്റിൽ നിന്ന് മനസിലാക്കി. വാഹനം കസ്റ്റഡിയിൽ എടുത്ത് അടൂർ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഒരാളിൽ നിന്ന് രണ്ട് വ്യാജവാഹനം പിടികൂടിയ സ്ഥിതിക്ക് ഇതിന് പിന്നിൽ വൻ റാക്കറ്റ് തന്നെയുള്ളതായി സംശയം ഉയരുന്നുണ്ട്. ഇത്രയും ഗൗരവത്തോടെ കാണേണ്ട കേസായിട്ടും പൊലീസ് നിസംഗത പുലർത്തുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.