ഹൈദരാബാദ്: തെലങ്കാനയില്‍ മുസ്ലീം യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മേദക് ജില്ലയിലെ നര്സാപൂരിലാണ് സംഭവം നടന്നത്.
മെയ് 7നാണ് യുവാവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. അന്നേ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പ്രചരിച്ചത്. അതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
എംഡി ഇമ്രാന് എന്ന യുവാവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കാവി വസ്ത്രധാരികളായ ഒരു സംഘമാണ് ഇദ്ദേഹത്തേയും കുടുംബത്തേയും ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും ഗര്‍ഭിണിയായ സഹോദരിയ്ക്കും നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ സഹോദരിയുടെ ഗര്‍ഭം അലസിയെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ ഈ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Also read-മുസ്ലീം യുവതിയ്ക്കൊപ്പം ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിന് ക്രൂര മര്‍ദനം
അതേസമയം മുമ്പ് പ്രതികളിലൊരാളെ ആക്രമിച്ചതിന് ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. നിലവില്‍ ഇമ്രാനെയും കുടുംബത്തേയും ആക്രമിച്ചവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണത്തിന് കാരണം
ഒരു ഹോട്ടലിലാണ് ഇമ്രാന് ജോലി ചെയ്യുന്നത്. ഇദ്ദേഹവും എച്ച്പി ഗ്യാസ് വിതരണക്കാരനായ ലിംഗം എന്ന യുവാവും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് നര്‍സാപൂര്‍ സിഐ നല്കുന്ന വിവരം. ലിംഗത്തോട് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ എത്തിക്കാന്‍ ഇമ്രാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പകരം ലിംഗം വാതകം നിറച്ച ഗ്യാസ് സിലിണ്ടറാണ് എത്തിച്ചത്. ഇതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് ഇമ്രാന് തന്റെ ചെരിപ്പ് കൊണ്ട് ലിംഗത്തെ മര്‍ദ്ദിച്ചുവെന്നും പൊലീസ് സിയാസാറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
മര്‍ദനത്തിരയായ ലിംഗമാണ് ഇമ്രാനെതിരെ പരാതിയുമായി തീവ്രവലതുപക്ഷ പ്രവര്‍ത്തകരെ സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ ജയ്ശ്രീ റാം മുഴക്കി ഇമ്രാനെ ആക്രമിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍ ഗോഡ രാജേന്ദറും ആക്രമണത്തില്‍ ഉൾപ്പെട്ടിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.
ഇമ്രാനെ രക്ഷിക്കാനാണ് ഇദ്ദേഹത്തിന്റെ സഹോദരിയും അമ്മയും രംഗത്തെത്തിയത്. എന്നാല്‍ ഇവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റുവെന്നാണ് വിവരം. ഗര്‍ഭിണിയായിരുന്ന ഇമ്രാന്റെ സഹോദരിയ്ക്കും പരിക്കേറ്റു.
അതേസമയം സംഭവത്തില്‍ ഇമ്രാന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇമ്രാനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തതും. എന്നാല്‍ ആക്രമിസംഘത്തിലെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇരുകൂട്ടരെയും അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസ് അറിയിച്ചു.
അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച് മജ്ലിസ് ബച്ചാവോ തെഹ്രീക് വക്താവ് അംജദ് ഉല്ല ഖാന് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുസ്ലിം നേതാക്കള്‍ മൗനം പാലിക്കുന്നത് എന്തിന് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദും എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഉവൈസിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
”മുസ്ലീം നേതാക്കള്‍ എന്തിനാണ് മൗനം പാലിക്കുന്നത്? ഇമ്രാന് ലിംഗത്തെ മര്‍ദ്ദിച്ചത് തെറ്റ് തന്നെയാണ്. എന്നാല്‍ ഒരു സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചത് എന്ത് അടിസ്ഥാനത്തിലാണ്? സംസ്ഥാനത്ത് ക്രമസമാധാനം എന്നൊന്നില്ലേ?, അംജദ് ഉല്ല ഖാന് പറഞ്ഞു.
ആക്രമണത്തില്‍ ഇമ്രാന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരിയുടെ ഗര്‍ഭം അലസിയെന്നും അവര്‍ ഇപ്പോഴും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
”ബിജെപി കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വൈകുന്നത് എന്തിനാണ്? സംഭവം നടന്ന് പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞു. ആക്രമി സംഘത്തിലെ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല,” ഖാന് കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.