കോട്ടയം: കോട്ടയത്ത് കരാറുകാരനില്‍ നിന്ന് കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ജോസ് സര്‍ക്കാരിന്റെ ബ്ലാക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ്. പാമ്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകള്‍ വിജിലന്‍സ് ഫെബ്രുവരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മിനി സിവില്‍ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ കരാറുകാരനില്‍നിന്നു 10,000 രൂപ വാങ്ങി കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ വിജിലന്‍സ് സംഘം ബിനുവിനെ പിടികൂടുകയായിരുന്നു.
2015 ല്‍ ചങ്ങനാശ്ശേരിയില്‍ സെക്ഷന്‍ ഓഫീസറായിരിക്കെ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതിന് പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ എന്ന ശിക്ഷണ നടപടിയും സ്വീകരിച്ചു. കുമളി സെക്ഷന്റെ ചാര്‍ജ് കൂടി ഉണ്ടായിരുന്നതിനാല്‍ ആ ഓഫീസിലെ സ്വീപ്പര്‍ അവധിയില്‍ പോയ കാലത്ത് കൊടുക്കാത്ത ശന്പളം കൊടുത്തതായി രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
Also Read-Say no to Bribe | 2.25 ലക്ഷത്തിന്റെ ബില്ലിന് കൈക്കൂലി 10000 രൂപ ; ജലസേചനവകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയില്‍
ബിനു ജോസിനെതിരെ നിരവധി കരാറുകാര്‍ അടക്കം പറയുന്നുണ്ടെങ്കിലും ആരും ഇത് വരെ പരാതിയുമായി എത്തിയിട്ടില്ല. കൂടുതല്‍ പേര് പരാതിയുമായി എത്തും എന്നാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
2 വര്‍ഷം മുന്‍പ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷന്‍ ജോലികള്‍ പരാതിക്കാരന് കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകള്‍ മാറുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. പല തവണ 10,000 രൂപ വീതം നല്‍കിയെങ്കിലും പിന്നെയും കൈക്കൂലി വാങ്ങുന്നതിനു വേണ്ടി 2 വര്‍ഷമായി ബില്ലുകള്‍ പൂര്‍ണമായി നല്‍കാതെ ബോധപൂര്‍വം വൈകിപിച്ചതായി പരാതിയിലുണ്ട്. കിട്ടാനുള്ള തുകയുടെ 4 ശതമാനത്തോളം കൈക്കൂലിയായി ഇവര്‍ വാങ്ങിട്ടുണ്ട്.
Also Read-Say no to Bribe | ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ 10000 രൂപ കൈക്കൂലി; കൊണ്ടോട്ടിയില്‍ 2 പേര് അറസ്റ്റില്‍
ചങ്ങനാശ്ശേരി സബ് റജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥയുടേയും ബന്ധുക്കളുടേയും പേരില്‍ ഒന്‍പത് സ്ഥലങ്ങളില്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും ഇവ വാങ്ങിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും. സമീപ കാലങ്ങളില്‍ ബിനു ജോസ് കൈകാര്യം ചെയ്ത ഫയലുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങി.
കരാര്‍ എടുക്കുമ്പോള്‍ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ പണിപൂര്‍ത്തിയായപ്പോള്‍ തിരികെ കിട്ടാനായി ഓഫിസില്‍ എത്തിയപ്പോഴും ഇവര്‍ 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതോടെയാണ് പരാതിക്കാരന് വിജിലന്‍സിനെ ബന്ധപ്പെടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് സംഘം നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ 10,000 രൂപയുമായിട്ടാണ് കരാറുകാരന് ഓഫിസില്‍ എത്തിയത്. വേഷം മാറി ഓഫിസ് ആവശ്യത്തിന് എത്തിയവര്‍ എന്ന നിലയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ഓഫിസിനുള്ളില്‍ പ്രവേശിച്ചിരുന്നു. കരാറുകാരന് കൈക്കൂലി കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ എന്‍ജിനീയറെ കൈയോടെ പിടികൂടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.