മലപ്പുറം: നിലമ്പൂര്‍ (Nilambur)ചാലിയാര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം(Murder)ആണെന്ന് കണ്ടെത്തൽ. സംഭവത്തിൽ സുഹൃത്തായ പ്രതി പിടിയിലായി. തിരുവനന്തപുരം വെങ്ങാനൂര്‍ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂര്‍ ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
വടപുറത്ത് താമസിക്കുന്ന മൈസൂര്‍ സ്വദേശി മുബാറക് എന്ന ബാബു (50) വിന്റെ മൃതദേഹം ഈ മാസം 11ന് രാവിലെ പത്തുമണിയോടെയാണ് നിലമ്പൂര്‍ ടൗണിനു സമീപം ചാലിയാര്‍ പുഴയുടെ വീരാഡൂര്‍ കൂളിക്കടവില്‍ നിന്നും കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, മരണപ്പെട്ട മുബാറക് അലിയും ഷിജുവും സുഹൃത്തക്കളാണെങ്കിലും മദ്യപിച്ചാല്‍ അടിപിടി കൂടുന്നത് പതിവാണ്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മദ്യപിച്ച ശേഷം പ്രതിയുടെ കൂടെ കഴിയുന്ന സ്ത്രീയുടെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Also Read-
ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് വിൽപന നടത്തുന്ന ജവാന് വിനു പിടിയില്‍
മുബാറക്കലിയുടെ കൂടെ കഴിയുന്ന സ്ത്രീയും പ്രതിയുടെ കൂടെ കഴിയുന്ന സ്ത്രീയും സഹോദരിമാരാണ്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുബാറക്കിനൊപ്പമുള്ള സ്ത്രീ പിണങ്ങി പോയിരുന്നു. പത്താം തിയ്യതി മുബാറക്കും ഷിജുവും കൂടെയുള്ള സ്ത്രീയുംമ ഒരുമിച്ച് പോയി നിലമ്പൂര്‍ ബീവറേജസില്‍ നിന്നും മദ്യം വാങ്ങി സംഭവം നടന്ന പുഴക്കരയിലെത്തി ഒരുമിച്ച് മദ്യപിച്ചു.
മദ്യലഹരിയില്‍ മുബാറക് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ഷിജു മുബാറക് അലിയെ വിറക്കൊമ്പ് കൊണ്ട് തലക്കടിച്ച ശേഷം ആഴമുള്ള വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം പ്രതി സ്ത്രീയുമായി സ്ഥലം വിട്ടു.
പ്രതി മജീഷ് എന്ന ഷിജു മുമ്പ് തിരുവനന്തപുരം ജില്ലയില്‍ അടിപിടി കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. മദ്യപിച്ചാല്‍ വളരെ അക്രമ സ്വഭാവമുള്ളയാളാണ് ഷിജുവെന്ന് പ്രതിയെ പരിചയമുള്ളവര്‍ പറയുന്നത്. ഈ മാസം പതിനൊന്നിനാണ് ആളെ തിരിച്ചറിയാത്ത വിധം വെള്ളത്തില്‍ കിടന്ന് ജീര്‍ണ്ണിച്ച മൃതശരീരം നിലമ്പൂർ ചാലിയാറില്‍ കണ്ടെത്തിയത്.
നിലമ്പൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ എം അസ്സൈനാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആളെ തിരിച്ചറിയുന്നത് വരെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. പന്ത്രണ്ടാം തീയ്യതിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
Also Read-
പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം; മുന്‍ പോലീസുകാരന് പിടിയില്‍
കുടുംബം താല്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ പോലീസ് തന്നെ പള്ളിക്കമ്മറ്റിയുമായി സംസാരിച്ച് ശവസംസ്കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിൽ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതക സാധ്യത ഫോറന്‍സിക് ഡോക്ടര്‍ അനന്ത് പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് മുബാറക്കിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത്.
പുഴയോരത്തുനിന്നും എടക്കര പോലീസില്‍ നല്കിയ ഒരു പരാതിയുടെ രസീത് പോലീസിന് ലഭിച്ചിരുന്നു. പ്രതി ഷിജുവും സ്ത്രീയും ചേര്‍ന്ന് ഒമ്പതാം തീയ്യതി എടക്കര പോലീസില്‍ നല്കിയ പരാതിയുടെ രസീതിന്റെ കോപ്പി ആയിരുന്നു ഇത്. സംഭവ ദിവസം പുഴക്കടവിലെ ഷിജുവിന്റെ സാന്നിദ്ധ്യം ഇതോടെ പോലീസ് ഉറപ്പിച്ചു. മറച്ച് വെക്കാന്‍ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ വര്‍ഷം നിലമ്പൂരില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ദുരൂഹതകള്‍ നിറഞ്ഞ രണ്ട് സംഭവങ്ങളിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ദിവസങ്ങള്‍ക്കകം കേസ് തെളിയിച്ച് പ്രതികളെ പിടികൂടാന്‍ നിലമ്പൂര്‍ പോലീസിന് കഴിഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന്റെയും നിലമ്പൂര്‍ ഡി വൈ എസ് പി ഷാജു കെ എബ്രഹാമിന്റെയും നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. എസ് ഐ നവീന്‍ ഷാജ്, എ എസ് ഐ അന്‍വര്‍ സാദത്ത്, റെനിഫിലിപ്പ്, അനില്‍, എസ് സി പി ഒ ഷീബ, സിപിഒ പ്രിന്‍സ്, ഷിഫിന്, രജീഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം അസ്സൈനാര്‍, എസ് സി പി ഒ സുനില്‍ നരിപ്പറ്റ, സി.പി.ഒ എസ് അഭിലാഷ്, കെ.ടി ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.