• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്ത്രീധനം വേണ്ടെന്നറിയിച്ച വരൻ പിന്മാറിയ വിവാഹത്തിലെ വധു മരിച്ചത് പൊലീസ് അന്വേഷിക്കുന്നു

സ്ത്രീധനം വേണ്ടെന്നറിയിച്ച വരൻ പിന്മാറിയ വിവാഹത്തിലെ വധു മരിച്ചത് പൊലീസ് അന്വേഷിക്കുന്നു

സ്വകാര്യ ആശുപത്രിയിൽ ജോലിനോക്കിയിരുന്ന വധു എല്ലാ മാസവും സ്വന്തം ശമ്പളമുൾപ്പടെ വരന് നൽകിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: സ്ത്രീധനം വേണ്ടെന്നു വച്ച് വിവാഹമുറപ്പിച്ച വരൻ പിന്നീട് പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന്‌ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം വിവാഹത്തിൽ നിന്നു പിന്മാറി. തുടർന്ന് പ്രതിശ്രുതവധു ജീവനൊടുക്കി. വലിയമല സ്റ്റേഷൻപരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(25)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനയമുട്ടം സ്വാതിഭവനിൽ സോനുവിനെതിരേ ഡിജിപിക്കും ഡിവൈഎസ്പിക്കും ബന്ധുക്കൾ പരാതി നൽകി.

    2022 നവംബർ 13-ന് ആതിരയും സോനുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലിയുണ്ടെന്നാണ് സോനു പറഞ്ഞിരുന്നത്. സ്ത്രീധനം ചോദിച്ചിരുന്നില്ലെങ്കിലും പിന്നീട് ആതിരയുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന്‌ സോനു  വിവിധ ആവശ്യങ്ങൾ പറഞ്ഞ് ലക്ഷക്കണക്കിനു രൂപ വാങ്ങിയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

    Also read- മലപ്പുറത്ത് കോടികളുടെ കുഴൽപ്പണ വേട്ട ; പെരിന്തൽമണ്ണയിലും മങ്കടയിലുമായി പിടിച്ചെടുത്തത് 1.85 കോടി രൂപ

    തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിനോക്കിയിരുന്ന ആതിര, എല്ലാ മാസവും സ്വന്തം ശമ്പളം സോനുവിനു നൽകിയിരുന്നു. ഗൾഫിൽ ജോലിചെയ്യുന്ന ആതിരയുടെ സഹോദരനും സോനുവിന് പലപ്പോഴായി പണം നൽകിയിരുന്നു. തുടർന്നും പണമാവശ്യപ്പെട്ടപ്പോൾ ആതിരയുടെ ബന്ധുക്കൾ സോനുവിനെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു. ഇതിനെത്തുടർന്ന് സോനു കല്യാണത്തിൽനിന്നു പിന്മാറി. ഇക്കാര്യം സോനുതന്നെ ആതിരയെയും വീട്ടുകാരെയും ഫോണിൽ വിളിച്ചറിയിച്ചു. ഈ സമയം പെൺകുട്ടിയും കുടുംബവും വിവാഹക്കത്ത് അച്ചടിച്ച് ബന്ധുക്കളെ ക്ഷണിച്ചുതുടങ്ങിയിരുന്നു.

    വിവാഹത്തിൽനിന്നുള്ള വരന്റെ പെട്ടെന്നുള്ള പിന്മാറ്റം ആതിരയെ മാനസികമായി ഏറെ തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനെത്തുടർന്ന് ജോലിക്കുപോകാതെ ആതിര  വീടിനുള്ളിൽത്തന്നെ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞമ്മയുടെ വീട്ടിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Vishnupriya S
    First published: