• HOME
  • »
  • NEWS
  • »
  • crime
  • »
  • Dileep case | വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി

Dileep case | വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി

ദിലീപിൻ്റെ സഹോദരൻ അനൂപ് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകും

ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി

ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി

  • Share this:
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ (conspiracy case) ദിലീപിന്റെ (Dileep) സഹോദരീ ഭർത്താവ് ടി.എൻ. സൂരജ് (T.N. Sooraj) ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ദിലീപിൻ്റെ സഹോദരൻ പി. ശിവകുമാർ അഥവാ അനൂപ് (P. Sivakumar alias Anoop) ചോദ്യം ചെയ്യലിനായി നാളെ ഹാജരാകും. അന്വേഷണത്തിൻ്റെ ഭാഗമായി നേരത്തെ ഇരുവരുടെയും ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തുടർ ചോദ്യം ചെയ്യൽ.

നേരത്തെ കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസം ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമുള്ള രണ്ടാംഘട്ട ചോദ്യം ചെയ്യലിൻ്റെ ഭാഗമായിട്ടാണ് സൂരജ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുൻപിൽ എത്തിയത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിൻ്റെ ആദ്യ ഘട്ടത്തിൽ സൂരജിനെയും അനൂപിനെയുമാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെയും അനൂപിന്റെയും സൂരജിന്റെയും ആറ് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൻ്റെ ഭാഗമായി  ഇത് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് മുൻപാകെ അപേക്ഷ നൽകും. ഈ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ ചോദ്യം ചെയ്യലും ഉണ്ടായേക്കും.

വധശ്രമഗൂഢാലോചനാ കേസിൽ FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും FIR നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.

DySP ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. DGP ബി. സന്ധ്യയുടെയും ADGP എസ്. ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് FIR റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണിയിലാണ്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. ദിലീപിന്‍റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയെ എതിർത്ത് കൊണ്ട് കക്ഷി ചേരന്നതിനുള്ള അപേക്ഷയാണ് നടി ഇന്ന് സമർപ്പിച്ചത്.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും മറ്റു പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Published by:user_57
First published: