കാസർഗോഡ്: കാസർഗോഡ് രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശി റെനിൽ വർഗീസാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് – പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്.
സ്ഥിരമായി ബസിൽ യാത്ര ചെയ്തിരുന്ന 19 വയസുകാരിയെയാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. റാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നു പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്. നേരത്തെയും ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റെനിൽ.
ഇതിനു മുൻപ് 2011-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ചത്.ഈ കേസിൽ ഇയാൾ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിപിടി, മദ്യപിച്ച് ബഹളം വെക്കൽ, ചീട്ടുകളി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. റെനിൽ വർഗീസ് പെൺകുട്ടിയെ കൊണ്ട് പോയ കാർ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് രാജപുരം പൊലീസ്. ഇയാളുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Kasaragod, Sexual abuse