പാലക്കാട്: കാറിനടിയിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി. ഗോവിന്ദാപുരത്ത് എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തൃശൂർ ചേർപ്പ് സ്വദേശി സ്റ്റെഫിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം ഗോവിന്ദാപുരത്ത് നടത്തിയ വാഹന പരിശോധനയിലാണ് നാലു കിലോ കഞ്ചാവ് പിടികൂടിയത്.
മാരുതി കാറിന്റെ അടിയിൽ തകര ഷീറ്റ് കൊണ്ട് രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇതിനു മുൻപ് അഞ്ചുതവണ ഇതേ കാറിൽ ഇയാൾ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
തുണികളിലും ബ്രൗൺ പേപ്പറിലും പൊതിഞ്ഞു കെട്ടിയ നാലു പൊതികളിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കാർ ചെരിച്ചു നിർത്തി തകര ഷീറ്റ് വെട്ടി പൊളിച്ച ശേഷം കഞ്ചാവ് പുറത്തെടുക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ മാരായ വി. അനൂപ്, പി.ഒ സെന്തിൽ എന്നിവർ നേതൃത്വം നൽകി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.