തൃശ്ശൂർ: തൃശ്ശൂരിൽ റിമാന്റിലായിരുന്ന
കഞ്ചാവ് പ്രതി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ തൃശ്ശൂർ ജില്ല ജയിൽ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. ജില്ലാ ജയിൽ സൂപ്രണ്ട് രാജ് എബ്രഹാം, ജയിൽ ജീവനക്കാരായ അരുൺ, രമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിയ്യൂർ ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല പൂട്ടി. ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
കഞ്ചാവ് പ്രതി ഷെമീർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ജില്ല ജയിൽ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതാണ് പ്രാഥമികമായ വിലയിരുത്തൽ. അമ്പിളിക്കലയിൽ ഷെമീറിന് മർദ്ദമേറ്റ സ്ഥലം ഋഷിരാജ് സിംഗ് പരിശോധിച്ചു. ഷെമീറിന്റെ ഭാര്യ, കൂട്ടുപ്രതികളായ ജാഫർ ഖാൻ, റിയാസ് എന്നിവരിൽ നിന്നും അമ്പിളിക്കലയിൽ സംഭവം നടന്ന ദിവസം ഉണ്ടായിരുന്ന മറ്റ് പ്രതികളിൽ നിന്നും മൊഴി എടുത്തു. ഷെമീറിന് മർദ്ദനമേറ്റതായി മൊഴി ഉണ്ടെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകും.
You may also like:തൃശ്ശൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ മരണം ക്രൂര മർദ്ദനമേറ്റ് ; 40 പാടുകൾ, തലയിൽ ഗുരുതര ക്ഷതം
അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എല്ലാ ദിവസവും ജില്ല ജയിൽ സൂപ്രണ്ട് സന്ദർശനം നടത്തേണ്ടതായിരുന്നുവെന്ന് ജയിൽ ഡിജിപി അഭിപ്രായപ്പെട്ടു. എന്നാൽ രാജു എബ്രഹാം ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പോയിരുന്നത്. ഇത് സൂപ്രവൈസറി ലാപ്സാണ്. ഷെബീർ ഒന്നാം തീയതി മരിച്ചിട്ടും ആ സമയത്ത് തന്നെ വിവരം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്പിളിക്കലയ്ക്ക് പകരം വിയ്യൂർ ജയിലിന് അകത്ത് തന്നെയുള്ള മൂന്ന് കെട്ടിടങ്ങൾ ഇനി മുതൽ റിമാന്റ് പ്രതികൾക്കുള്ള കോവിഡ് നിരീക്ഷണ കേന്ദ്രമായി പ്രവർത്തിക്കും. കോവിഡ് പരിശോധനയ്ക്കും ഇവിടെ സൗകര്യയമൊരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 29 ന് പത്ത് കിലോ കഞ്ചാവുമായി ശക്തൻ സ്റ്റാന്റിൽ വെച്ചാണ് ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് ഷെമീറിനെയും ഭാര്യയയേയും രണ്ട് സുഹൃത്തുക്കളെയും കസ്റ്ററഡിയിലെടുത്തത്. അന്ന് രാത്രി 9 മണിയോടെ ഇവരെ റിമാന്റ് ചെയ്ത് അമ്പിളിക്കലയിൽ എത്തിച്ചു.
30 ന് രാത്രി പരിക്കുകളോടെ ഷെമീറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നാം തീയതി പുലർച്ചെയാണ് ഷെമീർ അലി മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.