കാറിനെ മറികടക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് ബസ് ഡ്രൈവര്‍ക്കുനേരെ യുവാവ് തോക്കുചൂണ്ടി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഗുരുവായൂര്‍ പടിഞ്ഞാറേ നട റോഡിലായിരുന്നു സംഭവം. പിന്നാലെ കാറിലുണ്ടായിരുന്നവരും ബസ് ഡ്രൈവറും തമ്മില്‍ സംഘര്‍ഷമുണ്ടായി.കാറിലുണ്ടായിരുന്ന രണ്ടുപേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കാറോടിച്ചിരുന്ന പാവറട്ടി വെന്മേനാട് അമ്പലത്ത് വീട്ടില്‍ നിസാമുദ്ദീന്‍ (31) ഒപ്പമുണ്ടായിരുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശി സൂരജ് (30) എന്നിവരെയാണ് ടെമ്പിള്‍ സ്റ്റേഷന് സി.ഐ. പ്രേമാനന്ദകൃഷ്ണന് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ ഗുരുവായൂര്‍ പുത്തമ്പല്ലി തെക്കിനിത്തയില് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ‘മെഹ്ഫിന്’ എന്ന ബസിനെ പടിഞ്ഞാറേനടയില്‍ വെച്ചായിരുന്നു കാര്‍ മറികടക്കാന്‍ ശ്രമിച്ചത്. പലതവണ ഹോണ്‍ അടിച്ചിട്ടും ബസ് വഴി കൊടുത്തില്ലെന്ന് പറയുന്നു.ബസ് വേഗത കുറച്ചപ്പോള്‍ കാറിലുണ്ടായിരുന്ന നിസാമുദ്ദീന്‍ തോക്കെടുത്ത് ബസ് ഡ്രൈവര്‍ക്കു നേരെ നീട്ടുകയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന കുപ്പിവെള്ളമെടുത്ത് ഡ്രൈവര്‍ നിസാമുദ്ദീന്റെ മുഖത്തേക്കെറിഞ്ഞു.
തുടര്‍ന്ന് ബസ് സ്റ്റാന്‍ഡുവരെ കാറും ബസും തമ്മില്‍ മത്സരയോട്ടമായി. പിന്നീട് സ്റ്റാന്‍ഡില്‍ വെച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.