HOME » NEWS » Crime »

ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് പട്ടികജാതിക്കാരനായ തൊഴിലാളിക്ക് ക്രൂര മർദ്ദനം; കോൺട്രാക്ടർക്കെതിരെ കേസ്

ഡിസംബർ 24നാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുധർമ്മൻ ഉൾപ്പടെയുള്ളവർ തിരികെ നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ജാതിപ്പേര് വിളിച്ചാണ് ഉദയൻ മർദ്ദിച്ചതെന്ന് സുധർമ്മൻ പറയുന്നു.

News18 Malayalam | news18-malayalam
Updated: January 2, 2021, 12:04 PM IST
ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് പട്ടികജാതിക്കാരനായ തൊഴിലാളിക്ക് ക്രൂര മർദ്ദനം; കോൺട്രാക്ടർക്കെതിരെ കേസ്
Sudharman Brutally beaten
  • Share this:
കൊല്ലം: കർണാടകത്തിൽ കിണറു പണിക്കു കൊണ്ടുപോയ തൊഴിലാളികളെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് കരാറുകാരൻ ക്രൂരമായി മർദ്ദിച്ചു. കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂർ സുദർശന മന്ദിരത്തിൽ സുധർമ്മൻ(42) എന്നയാൾക്കാണ് ക്രൂരമർദ്ദനമേറ്റത്. നിരപ്പുവിള വീട്ടിൽ സുഭാഷ്, ബാബു എന്നിവർക്കും മർദ്ദനമേറ്റു. കിണറുപണി കരാർ എടുത്ത കരീപ്ര കടയ്ക്കോട് ഉദയ സദനത്തിൽ ടി. ഉദയനാണ് തൊഴിലാളികളെ മർദ്ദിച്ചത്.

ഡിസംബർ 24നാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുധർമ്മൻ ഉൾപ്പടെയുള്ളവർ തിരികെ നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ജാതിപ്പേര് വിളിച്ചാണ് ഉദയൻ മർദ്ദിച്ചതെന്ന് സുധർമ്മൻ പറയുന്നു. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനെതിരെ കേസെടുത്തിട്ടുണ്ട്.

Also Read- മയക്കുമരുന്നുമായി പുതുവർഷ ആഘോഷം: യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

2020 ഡിസംബർ 22നാണ് കിണറു പണിക്ക് വേണ്ടി സുധർമ്മനെയും, നിരപ്പുവിള വീട്ടിൽ സുഭാഷിനെയും, ബാബുവിനെയും കിണർ പണിക്കായി കർണാടക-ഗോവ അതിർത്തിയിലെ മാജുലി എന്ന സ്ഥലത്തേക്കു കൊണ്ടുപോയത്. ഇവർക്കായി ജോലി സ്ഥലത്തിനു സമീപം താമസസൌകര്യം ഒരുക്കുകയും ചെയ്തിരുന്നു. 23 മുതൽ സുധർമ്മനും കൂട്ടരും ജോലി തുടങ്ങിയിരുന്നു. 24ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷമാണ് ഉദയനും മറ്റൊരാളും സുധർമ്മൻ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഇവിടെവെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഉദയൻ ഇരുന്ന ബെഞ്ചിൽ ഇരുന്നതോടെയാണ് സുധർമ്മനെ മർദ്ദിക്കാൻ തുടങ്ങിയത്. 'എന്‍റെയൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നോ' എന്നു ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം.കൈമുഷ്ടി കൊണ്ട് സുധർമ്മന്റെ മുഖത്ത് ഉദയൻ ശക്തിയായി ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ സുധർമ്മനെ ശരീരമാസകലം ശക്തിയായി ചവിട്ടുകയും, മർദ്ദിക്കുകയും ചെയ്തു. ജോലിക്കെത്തിയ സുഭാഷിനും ബാബുവിനും മർദ്ദനമേറ്റു. ഗുണ്ടകളെ ഉപയോഗിച്ച് ഈ തൊഴിലാളികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സുധർമ്മൻറെയും മറ്റു ജോലിക്കാരുടെയും മൊബൈൽഫോണുകളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകൾ ബലമായി ഉദയൻ കൈവശപ്പെടുത്തി.

തുടർന്ന് അവശനിലയിലായ ഉദയനും ബാബുവും സുഭാഷും കൂടി രാത്രിയോടെ 20 കിലോമീറ്റർ കാൽനടയായി റെയിൽവേ സ്റ്റേഷനിലെത്തി. ഉദാരമതികളായ ആളുകളുടെ സാമ്പത്തിക സഹായം കൊണ്ട് കണ്ണൂർ വരെ എത്തുകയും കണ്ണൂർ റെയിൽവേ സ്റ്റേഷൻ സമീപമുള്ള പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ പിരിവെടുത്ത് കൊല്ലം വരെയുള്ള യാത്ര കൂലി നൽകി അയച്ചു.

ഡിസംബർ 26ന് രാവിലെ ഇവർ കൊല്ലത്ത് തിരിച്ചെത്തി. സുധർമ്മന്‍റെയും മറ്റുള്ളവരുടെയും ഫോണുകൾ ഉദയൻ പിടിച്ചുവാങ്ങിയതിനാൽ ഈ സംഭവങ്ങളൊന്നും നാട്ടിലും വീട്ടിലും അറിയിക്കാൻ സാധിച്ചില്ല. അന്നുതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സുധർമ്മനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മൂക്കിന് മുകളിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്. മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ നേടിയശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റിയിരുന്നു. സുധർമ്മൻ ഇപ്പോഴും അവിടെ ചികിത്സയിൽ തുടരുകയാണ്.കെട്ടിട നിർമ്മാണവും തടി പണിയും ചെയ്ത് ജീവിച്ചു വന്ന സുധർമ്മന് ഇനി കുറെ നാളത്തേക്ക് കായികാധ്വാനം ചെയ്യാൻ പറ്റാത്ത നിലയിൽ ശാരീരിക ക്ഷതമേറ്റിട്ടുണ്ട്. കോവിഡ് ബാധമൂലം നാട്ടിൽ കൂലിപ്പണി തീരെ കുറഞ്ഞ അവസരം നോക്കി നിർധനരായ തൊഴിലാളികളെ വലിയ ശമ്പളം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കർണാടകത്തിലേക്ക് കിണർ പണിക്കായി കൊണ്ടുപോയത്.

Also Read- മലപ്പുറത്ത് ആറുമാസം മുമ്പ് കാണാതായ യുവാവ് കൊല്ലപ്പെട്ടതായി തെളി‍ഞ്ഞു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

ഇതിനു മുമ്പും നിരവധി പേരെ ഇത്തരത്തിൽ കർണാടകത്തിലെത്തിച്ച് കഠിനമായി ജോലി ചെയ്യിപ്പിച്ചശേഷം ശമ്പളം നൽകാതെ ക്രൂരമായി മർദ്ദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സുധർമ്മന് മർദ്ദനമേറ്റ സംഭവത്തിൽ കർശനമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published by: Anuraj GR
First published: January 2, 2021, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories