തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. പാറശാല സ്വദേശി അബ്ദുൽ ബഷീറിന്റെ അക്കൗണ്ടിൽ നിന്ന് കാൽ ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ പതിനഞ്ചാം തീയതി അബ്ദുൾ ബഷീറിനെ മകൻ ബഹറിൽ നിന്ന് അയച്ച 17, 000 രൂപയും മറ്റൊരു സുഹൃത്ത് അക്കൗണ്ടിൽ നൽകിയ 10, 000 രൂപയും ഉൾപ്പെടെ 27000 രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽന്നും അബ്ദുൾ ബഷീർ രണ്ടുതവണയായി 2500 രൂപ കഴിഞ്ഞ ശനിയാഴ്ച പിൻവലിച്ചിരുന്നു. കെഎസ്എഫ്ഇലേക്ക് പണം അടയ്ക്കുന്നതിന് രാവിലെ ഫെഡറൽ ബാങ്കിന്റെ എ ടി എം എമ്മിൽ എത്തി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പണമില്ലെന്ന സന്ദേശമാണ് ലഭിച്ചതെന്നാണ് പരാതി.
തുടർന്ന് സമീപത്തെ മറ്റ് എടിഎമ്മിൽ നിന്നു കാശ് എടുക്കാൻ ശ്രമിച്ചുവെങ്കിലും പണം ഇല്ലെന്ന സന്ദേശം തന്നെയാണ് ലഭിച്ചതെന്ന് അബ്ദുൽ ബഷീർ പറഞ്ഞു. പിന്നീട് ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് തൻറെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. തുടർന്ന് ബാങ്കിനെ സമീപിച്ച് പരിശോധന നടത്തിയപ്പോൾ തിരുവനന്തപുരത്തെ എടിഎമ്മിൽ നിന്ന് രണ്ട് തവണയായി ഇരുപതിനായിരം രൂപ തട്ടിപ്പുകാർ അപഹരിച്ചുവെന്ന വിവരമണ് ലഭിച്ചതെന്നും ബഷീർ പറഞ്ഞു. ബാങ്ക് അധികൃതരുടെ നിർദ്ദേശപ്രകാരം അബ്ദുൾ ബഷീർ പാറശാല പോലീസിൽ പരാതി നൽകി.
അതേസമയം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചാൽ മാത്രമേ എന്തെങ്കിലും പറയാൻ ആകൂ എന്ന നിലപാടിലാണ് ബാങ്ക് അധികൃതർ. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.