• HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്ത് മോഷണം കൊണ്ടു പൊറുതി മുട്ടി; കശാപ്പിന് കൊണ്ടുവന്ന മൂന്നു കാളകളെ മതിൽ പൊളിച്ച് കടത്തിക്കൊണ്ടുപോയി 

കോട്ടയത്ത് മോഷണം കൊണ്ടു പൊറുതി മുട്ടി; കശാപ്പിന് കൊണ്ടുവന്ന മൂന്നു കാളകളെ മതിൽ പൊളിച്ച് കടത്തിക്കൊണ്ടുപോയി 

പറമ്പിന്റെ  മതിലിന്റെ ഒരു ഭാഗം പൊളിച്ച് നീക്കി അതുവഴി ഉരുക്കളെ കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് നിഗമനം

  • Last Updated :
  • Share this:
കശാപ്പിന് കൊണ്ടുവന്ന കന്നുകാലികളെ മതില് പൊളിച്ച് കടത്തിക്കൊണ്ടു പോയി. കോട്ടയം നഗരത്തിലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് വീണ്ടും ഒരു മോഷണ വാർത്ത പുറത്തുവരുന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്നൂസ് മീറ്റ് സ്റ്റാളിൽ നിന്നും ഉരുക്കളെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. രണ്ടു ലക്ഷത്തിൽപ്പരം രൂപ വരുന്ന മൂന്നു കാളകളെയാണ് പുലർച്ചെ കശാപ്പ് ശാലയിലെ തൊഴുത്തിൽ നിന്നും മോഷ്ടാക്കൾ കൊണ്ടുപോയത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

സംഭവത്തെക്കുറിച്ച് ഗാന്ധിനഗർ പോലീസ് പറയുന്നതിങ്ങനെ. പൊന്നൂസ് മീറ്റ് സ്റ്റാളിൽ കശാപ്പിനായി കൊണ്ടുവന്നത് ഏഴ് ഉരുക്കളെയാണ്. ഇതിൽ മൂന്നെണ്ണം മോഷണം പോവുകയായിരുന്നു. കശാപ്പിന് കൊണ്ടുവന്ന  ഉരുക്കളെ മീറ്റ് സ്റ്റാളിനോട് തൊട്ടടുത്തുള്ള പറമ്പിലാണ് കെട്ടിയിരുന്നത്.  ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഇവയെ കടത്തിക്കൊണ്ടു പോയത്.

രാവിലെ കടയിലെ ജീവനക്കാർ ഉരുക്കളെ അഴിക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പറമ്പിന്റെ  മതിലിന്റെ ഒരു ഭാഗം പൊളിച്ച് നീക്കി അതുവഴി ഉരുക്കളെ കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് നിഗമനം. മീറ്റ് സ്റ്റാൾ ഉടമ വർഗ്ഗീസ് ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സംഭവസ്ഥലത്ത് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തി. വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.



മുമ്പും ഈ പ്രദേശങ്ങളിൽ നിന്നും ഉരുക്കൾ മോഷണം പോയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. രണ്ടു ദിവസം മുൻപാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചവിട്ടുപടിയിൽ ഒൻപതു കടകൾ കുത്തിത്തുറന്ന് മോഷണം നടക്കുന്നത്. പ്രദേശത്ത് മോഷണ സംഭവങ്ങൾ തുടർച്ചയാകുമ്പോൾ നാട്ടുകാരും ആശങ്കയിലാണ്. ഏതാനും നാളുകൾക്ക് മുമ്പ് കുറുവ സംഘമെന്ന് സംശയിക്കപ്പെട്ടവരുടെ സാന്നിധ്യവും നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നു. പ്രദേശത്ത് മോഷണങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ആവർത്തിക്കുമ്പോൾ പൊലീസ് കൂടുതൽ കാര്യക്ഷമമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നെടുങ്ങാട് ചേമ്പർ എന്ന ഷോപ്പിംഗ് കോംപ്ളക്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഒൻപതു കടകളിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഷോപ്പിങ് കോംപ്ലക്സിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

രാവിലെ ഉടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വ്യക്തമായത്. ഇതിനെത്തുടർന്ന്  ഉടമകൾ ഗാന്ധിനഗർ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങൾ കണ്ടെത്തിയത്.  സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധന രാവിലെ തന്നെ പോലീസ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ടു മോഷ്ടാക്കൾ ആണ് മോഷണത്തിൽ പങ്കെടുത്തത് എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

കരിങ്കല്ലുകൾ കൊണ്ടാണ് പൂട്ട് തകർത്തു മോഷ്ടാക്കൾ അകത്ത് കയറിയത് എന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. ഇലക്ട്രിക്ക് കട, തുണിക്കട, ബ്യൂട്ടി പാർലർ, സ്പെയർപാർട്സ് കട തുടങ്ങി വിവിധ തരം കടകളിൽ നിന്നാണ് കവർച്ച ഉണ്ടായത്.
Published by:user_57
First published: