കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികളായ ആറു പൊലീസുകാരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സിബിഐ ആരംഭിച്ചു. രാജ് കുമാറിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ 7 പൊലീസുകാരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കെന്ന് സിബിഐ. ഗൂഢാലോചനയിലും പങ്കുണ്ട്. കെ എ സാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അപേക്ഷയിൽ സി ബി ഐ വ്യക്തമാക്കി.
ചിട്ടി തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശി രാജ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സാബുവിനെ സി ബി ഐയുടെ കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗംഎതിർത്തില്ല. എന്നാൽ ജുഡീഷ്യൽ കമ്മിഷൻ്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ് മോർട്ടം നടപടി ക്രമങ്ങൾ പാലിച്ചായിരുന്നില്ലെന്ന് സാബുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മരണകാരണം ആന്തരികക്ഷതം മൂലമല്ല. മറിച്ച് ന്യുമോണിയ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിന് നെടുങ്കണ്ടത്ത് എത്തിക്കണമെന്നതടക്കമുള്ള വാദങ്ങൾ പരിഗണിച്ചാണ് സാബുവിനെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ രാത്രി അറസ്റ്റിലായ സാബുവിനെ എറണാകുളം സിബിഐ കോടതി ആറു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
ഇയാൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ സിബിഐ സംഘം കെ എ സാബുവിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.