തിരുവനന്തപുരം: പാറ്റൂരില്‍ മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങിയ സ്ത്രീയെ അജ്ഞാതൻ ആക്രമിച്ച കേസില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമി വീട്ടമ്മയെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിക്രമത്തിനു മുന്‍പ് തര്‍ക്കവുമുണ്ടായി.
സ്കൂട്ടറിലെത്തിയ പ്രതി, സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ പിന്തുടരുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പരോ പ്രതിയുടെ മുഖമോ വ്യക്തമല്ല. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ, മുഖം തിരിച്ചറിയുക പ്രയാസവുമാണ്.
Also Read- ‘കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനം’: മുഖ്യമന്ത്രി
കേസിൽ 12 ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനായിട്ടില്ല. കേസിൽ ഏക തെളിവായി ലഭിച്ചിട്ടുള്ളത് സിസിടിവി ദൃശ്യങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ് എച്ച് ഒമാരെ ഉൾപ്പെടുത്തി നാലു സംഘമായാണ് കേസ് അന്വേഷിക്കുന്നത്. ഇതുകൂടാതെ ഷാഡോ പൊലീസും അന്വേഷണവുമായി രംഗത്തുണ്ട്.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരുടെ രേഖാചിത്രം പൊലീസ് വീട്ടമ്മയെ കാണിച്ചിരുന്നു. എന്നാൽ ഇവരല്ലെന്ന് വീട്ടമ്മ ഉറപ്പിച്ചതോടെ ആ വഴിയുള്ള അന്വേഷണവും ഫലവത്തായില്ല. വീട്ടമ്മയുടെ പരിചയക്കാർ ആരെങ്കിലുമാണോ അക്രമത്തിന് പിന്നിൽ എന്നതും അന്വേഷിക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്ത് ഉള്ളവരെയും ചോദ്യം ചെയ്‌തെങ്കിലു ഒരു തുമ്പും ലഭിച്ചിട്ടില്ല.
Also Read- അഞ്ച് കിലോമീറ്ററിനുള്ളിൽ 5 മാസം കൊണ്ട് 7 ആക്രമണം; തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ആക്രമണപരമ്പര
കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെയാണ് മൂലവിളാകം സ്വദേശിനിയായ വീട്ടമ്മ മരുന്ന് വാങ്ങാനായി ഇരുചക്രവാഹനത്തിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്രചെയ്തത്. ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിച്ച് പരിക്കേല്പിച്ചത്. വീട്ടമ്മ പേട്ട പോലീസിൽ ഫോണിലൂടെ വിളിച്ച് സഹായം തേടിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ കമ്മിഷണർ സസ്‌പെൻഡ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack Against Woman, Crime news, Kerala police, Thiruvananthapuram