• HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കൽ ; പൂഞ്ഞാർ സ്വദേശി കീരി സുനി പെരിന്തൽമണ്ണയിൽ പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കൽ ; പൂഞ്ഞാർ സ്വദേശി കീരി സുനി പെരിന്തൽമണ്ണയിൽ പിടിയിൽ

ബൈക്ക് മോഷ്ടിച്ച്  അതില്‍ കറങ്ങിനടന്ന്  വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന  കോട്ടയം ജില്ല കേന്ദ്രീകരിച്ചുള്ള  സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു

  • Last Updated :
  • Share this:
ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. പൂഞ്ഞാര്‍ സ്വദേശി  കീരിയാനിക്കല്‍  സുനില്‍(45)എന്ന കീരി സുനിയാണ് പെരിന്തൽമണ്ണ പോലീസിൻ്റെ പിടിയിലായത്.  കഴിഞ്ഞ ദിവസം സമാന കുറ്റകൃത്യം ചെയ്യുന്ന രണ്ട് പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പോലീസ് വലയിലാക്കിയത്.

ജില്ലയില്‍ ബൈക്ക് മോഷണവും സ്ത്രീകളുടെ മാലപൊട്ടിച്ച സംഭവങ്ങളും പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്   പ്രത്യേക അന്വേഷണ സംഘത്തെ  നിയോഗിച്ചിരുന്നു.  പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍  ,സി.ഐ. സി.അലവി ,എസ്.ഐ.സി.കെ.നൗഷാദ്,പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്  എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ആണ് പ്രതികളെ പിടികൂടിയത്.

 Also Read- സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർന്നത് 35 പവൻ; അടിയേറ്റ് പല്ല് പോയി, മാലയും മോതിരങ്ങളും മുറിച്ചെടുത്തത് കട്ടർ ഉപയോഗിച്ച്

അന്വേഷണത്തിൽ ബൈക്ക് മോഷ്ടിച്ച്  അതില്‍ കറങ്ങിനടന്ന്  വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന  കോട്ടയം ജില്ല കേന്ദ്രീകരിച്ചുള്ള  സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.  കേരളത്തില്‍ പലയിടങ്ങളിലായി ബസ് സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്   പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത്.മോഷ്ടിച്ച ബൈക്കുകളില്‍ മാല പൊട്ടിക്കാനുപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച് വെക്കും.

പെരിന്തല്‍മണ്ണ അല്‍ഷിഫ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് മോഷണം പോയ ബൈക്കിനെ പിന്തുടര്‍ന്ന്  സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചും  നടത്തിയ അന്വേഷണത്തില്‍ ആണ് കീരി സുനിയെ പറ്റി പോലീസിന് വിവരം ലഭിച്ചത്.

കഴിഞ്ഞ ജൂണ്‍ പകുതിയോടെ   ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പൂഞ്ഞാര്‍ സ്വദേശി  കീരിയാനിക്കല്‍  സുനില്‍(45)എന്ന കീരി സുനിയും സുഹൃത്തും ചേര്‍ന്നാണ്  ബൈക്ക്  മോഷണം നടത്തുന്നതെന്നും ഈ ബൈക്കില്‍  കറങ്ങിനടന്നാണ് സ്ത്രീകളുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തുന്നതെന്നും  സൂചന ലഭിച്ചു.   തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.    കീരി സുനി  മോഷ്ടിച്ച ബൈക്കില്‍  പെരിന്തല്‍മണ്ണയിലേക്ക് വരുന്നതായി വിവരം ലഭിച്ച പോലീസ്   പെരിന്തല്‍മണ്ണയില്‍ വച്ച്   അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 Also Read- 'ഗ്യാസ്ട്രബിളിന് ചികിത്സ തേടിയെത്തിയ യുവതിയുടെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചു'; ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്കെതിരെ ആരോപണം

കൂട്ടുപ്രതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സി.അലവി എന്നിവര്‍ അറിയിച്ചു.  പ്രതിയെ  കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന്  തിരുവല്ല, മാവേലിക്കര, മാള,പൂച്ചക്കല്‍,വിയ്യൂര്‍,എലവുംതിട്ട,മതിലകം,പേരാമംഗലം,  ആളൂര്‍,ഗുരുവായൂര്‍,മങ്കര,അന്തിക്കാട്,ആലപ്പുഴ സൗത്ത്, മണ്ണാഞ്ചേരി,തുടങ്ങി  മുപ്പതോളം മാലപൊട്ടിക്കല്‍ കേസുകളും ബൈക്ക് മോഷണക്കേസുകളും നിലവിലുണ്ട് .

കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.   പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ. സി.അലവി ,എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദ്, പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, അഡീഷണല്‍ എസ്.ഐ.രാജീവന്‍,  ഉല്ലാസ്, സജീര്‍,ഷാലു, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീമുമാണ് സംഘത്തിലുണ്ടായിരുന്നത് .
Published by:Arun krishna
First published: