• HOME
  • »
  • NEWS
  • »
  • crime
  • »
  • സുബൈർ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഒമ്പത് പ്രതികൾ, 167 സാക്ഷികൾ

സുബൈർ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഒമ്പത് പ്രതികൾ, 167 സാക്ഷികൾ

ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമാണ് സുബൈർ വധമെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു

  • Share this:
    പാലക്കാട്: പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ വധകേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുബൈർ വധക്കേസിൽ എൺപത്തിയൊന്നാം ദിവസമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ  കുറ്റപത്രം  സമർപ്പിച്ചത്. 971 പേജുള്ള കുറ്റപത്രത്തിൽ ഒൻപതു പ്രതികളാണുള്ളത്. പ്രതികളെല്ലാം ആർ എസ് എസ് - ബി ജെ പി പ്രവർത്തകർ. 167 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. സിസിടിവി, മൊബൈൽ ഫോൺ ഉൾപ്പടെ 208 രേഖകൾ കോടതിയിൽ ഹാജരാക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.

    ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമാണ് സുബൈർ വധമെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ആർഎസ്എസ് പ്രവർത്തകരായ രമേഷ്, അറുമുഖൻ, ശരവണൻ, മനു, വിഷ്ണുപ്രസാദ്, ശ്രുബിൻ ലാൽ, ആർ ജിനീഷ്, ജി. ഗിരീഷ്, S സുചിത്രൻ എന്നിവരാണ് പ്രതികൾ. ഏപ്രിൽ 15ന് പള്ളിയിൽ നിന്നും മടങ്ങുമ്പോൾ രണ്ടു കാറിലെത്തിയ അക്രമികൾ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഞ്ജിതിൻ്റെ കാറിലും വാടകയ്‌ക്കെടുത്ത മറ്റൊരു കാറിലുമാണ് പ്രതികൾ സഞ്ചരിച്ചത്.

    സഞ്ജിതിൻ്റെ കാർ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപത്ത് നിന്നുമാണ് രണ്ടാമത്തെ കാർ കണ്ടെത്തിയത്.
    കഞ്ചിക്കോട് വ്യവസായ മേഖലയ്ക്കുള്ളിലെ ഹോട്ടലിന് സമീപത്ത് നിന്നുമാണ് പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയത്.  KL9 AQ 7901 എന്ന നമ്പറിലുള്ള കാർ എലപ്പുള്ളി സ്വദേശി കൃപേഷിൻ്റേതാണ്. കേസിലെ മുഖ്യ പ്രതി രമേഷ് അമ്പലത്തിൽ പോകാനെന്ന് വ്യക്തമാക്കി കാർ കൊണ്ടുപോവുകയായിരുന്നു.

    അട്ടപ്പാടിയിൽ പത്തംഗ സംഘത്തിൻ്റെ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു

    അട്ടപ്പാടിയിൽ പത്തംഗ സംഘത്തിൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു.

    തോക്കിടപാടിന് പണം വാങ്ങി കബളിപ്പിച്ചുവെന്നാരോപിച്ചാണ് കണ്ണൂർ സ്വദേശി വിനായകനെയും സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെയും പത്തംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. നന്ദകിഷോർ സംഭവം നടന്ന ജൂൺ 30 ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ വിനായകനെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് വിനായകൻ മരിച്ചത്.

    ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ വിപിൻ പ്രസാദ് എന്നയാളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിനായകനെയും നന്ദകിഷോറിനെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി പ്രതികൾ ഭീകരമായി മർദ്ദിയ്ക്കുകയായിരുന്നു. കേസിൽ പ്രതികളായ പത്ത് പേരും റിമാന്റിലാണ്.
    Published by:Anuraj GR
    First published: