നഗരത്തിലെ മാല മോഷ്ടാക്കളെ പിടിക്കാന്‍ ചെന്നൈ പോലീസിന്റെ വന്‍ വേട്ട. തിങ്കളാഴ്ച ചെന്നൈ നഗരത്തില്‍, 300-ഓളം പോലീസുകാരും ഡ്രോണുകളും ഉള്‍പ്പെട്ട തിരച്ചിലിന് ശേഷം മോഷ്ടാവ് എന്ന് സംശയിക്കപ്പെടുന്നയാള്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും അയാളുടെ കൂട്ടാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് പ്രതികളും ജാര്‍ഖണ്ഡ് സ്വദേശികളാണെന്നും നഗരത്തില്‍ ചെറിയ ജോലികള്‍ ചെയ്തു കഴിയുകയായിരുന്നു എന്നും പോലീസ് പറയുന്നു. പ്രതികള്‍ തങ്ങളെ വെടിവെക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നാണ് തിരികെ വെടിവെയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും പോലീസ് അവകാശപ്പെട്ടു.
മോഷ്ടാക്കള്‍ ആയുധം കൈവശം വെച്ചിരുന്നതായി അറിയാവുന്നതിനാല്‍ തിരച്ചില്‍ നടത്തിയ പോലീസ് സംഘത്തിന് ആവശ്യമെങ്കില്‍ വെടിവയ്ക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്ന് ചെന്നൈ പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. മൂര്‍ത്താസ എന്ന 25-കാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടാളിയായ 28-കാരന് അക്തര്‍ പോലീസ് പിടിയിലായി. ഞായറാഴ്ച നടന്ന മാല മോഷണത്തിന് പിന്നാലെയായിരുന്നു ഇവരെ അന്വേഷിച്ച് പോലീസ് സംഘം ഇറങ്ങിയത്. കൂടാതെ, ഒക്ടോബര്‍ 4 ന് സര്‍ക്കാര്‍ മദ്യഷോപ്പിലെ ജീവനക്കാരെ ഒരു സംഘം ആക്രമിക്കുകയും ഒരു ജീവനക്കാരന് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും ഇവര്‍ രണ്ടുപേരും പങ്കാളികളാണെന്ന് പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച മോഷണത്തിനു ശേഷം, മോഷ്ടാക്കള്‍ വായുവിലേക്ക് നിറയൊഴിച്ചത് പ്രദേശത്തെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതായി സംഭവത്തെക്കുറിച്ച് വിശദീകരിക്കവെ പോലീസ് പറയുന്നു. ഞായറാഴ്ച രാവിലെ 7 മണിയോടെ, പെന്നല്ലൂര് ഗ്രാമത്തിലെ 55 വയസ്സുള്ള ആര് ഇന്ദ്രാണി എന്ന സ്ത്രീ, താന്‍ ജോലി ചെയ്യുന്ന ശ്രീപെരുമ്പത്തൂരിലെ ഒരു ടോള്‍ പ്ലാസയില്‍ എത്താന്‍ വീടിനടുത്തുള്ള ഒരു ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേര് ആ സ്ത്രീയുടെ 4.5 പവന്റെ മാല തട്ടിയെടുത്ത് ഓടിപ്പോയി. അവര്‍ തന്റെ മാല മുറുകെപ്പിടിക്കുകയും നിലവിളിക്കുകയും ചെയ്തു. തുടര്‍ന്ന് വായുവിലേക്ക് വെടിയുതിര്‍ത്ത് മാലയുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
പ്രദേശത്തെ തടാകത്തിനടുത്തുള്ള വനമേഖലയില്‍ ഇരുവരും ഒളിച്ചിരിക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിന് പിന്നാലെ, പോലീസ് ഇവരെ തിരഞ്ഞ് അവിടെയെത്തി. തിങ്കളാഴ്ച ഉച്ചയോടെ തിരച്ചില്‍ സംഘം വനമേഖലയില്‍ പ്രവേശിച്ചപ്പോള്‍ പ്രതികളിലൊരാള്‍ അവരെ വെടിവെക്കാന്‍ ശ്രമിച്ചുവെന്നും തുറന്ന് പോലീസ് സംഘം തുറന്ന വെടിവയ്പ് നടത്തുകയും അതില്‍ മുര്ത്തൊസ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മൃതദേഹം ശ്രീപെരുമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ച മുതല്‍ തടാകത്തിന് സമീപമുള്ള പ്രദേശത്ത് ഈ മോഷ്ടാക്കളെ തിരയുന്നതിനായി 300 -ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായി ഓപ്പറേഷനില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''മരിച്ചയാളും കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ കൂട്ടാളിയും ഉത്തരേന്ത്യയില്‍ നിന്ന് തോക്ക് കൊണ്ടുവന്നതായി ഞങ്ങള്‍ക്ക് വിവരം ഉണ്ട്,'' എന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
'പോലീസ് സംഘം, മോഷ്ടാക്കള്‍ ഒളിച്ചിരിക്കുന്ന തടാകത്തിന്റെ തൊട്ടടുത്ത പ്രദേശത്തേക്ക് പ്രവേശിച്ചപ്പോള്‍ മുര്‍ത്താസ ഞങ്ങളുടെ ഹെഡ് കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. അയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഇന്‍സ്പെക്ടര്‍ അയാള്‍ക്ക് നേരെ വെടിയുതിര്‍ത്തു'' എന്ന് കാഞ്ചീപുരം ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) എം.സത്യപ്രിയ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
നോര്‍ത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സന്തോഷ് കുമാര്‍ പ്രദേശത്ത് എത്തുകയും ശ്രീപെരുമ്പത്തൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച, പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.