ആലപ്പുഴ: ചേർത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം സ്വാഭാവിക മരണമെന്ന നിലയിലാണ് ഹെനയുടെ വിയോഗ വാർത്ത കുടുംബവും നാട്ടുകാരും അറിഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഉന്നയിച്ച സംശയങ്ങളാണ് കേസിൽ നിർണായകമായത്.
കഴിഞ്ഞ 26നാണ് ഹെന മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഹെനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പൊലീസ് ഭർത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ചത്.
ഹെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടൻ സമ്മതിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നു. അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
കൊല്ലത്ത് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; വിമുക്തഭടനായ ഭർത്താവ് അറസ്റ്റിൽകൊല്ലം അഞ്ചൽ അയിലറയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ സംഗീത (42)യാണ് മരിച്ചത്. സംഭവത്തിൽ വിമുക്ത ഭടൻ ഹരികുമാറിനെ (45) ആത്മഹത്യ പ്രേരണാ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഗീതയെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടത്.
ബഹളം കേട്ട് എത്തിയ അയൽക്കാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. ഹരികുമാറിന്റെ നിരന്തര പീഡനം കാരണം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
22 വർഷം മുൻപായിരുന്നു ഓയൂർ സ്വദേശിയായ സംഗീതയുടെയും ഹരികുമാറിന്റെയും വിവാഹം. ഹരികുമാറിന്റെ മാനസിക, ശാരീരിക ഉപദ്രവം സഹിക്കാതെ സംഗീത നേരത്തേ ഏരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അവയിൽ പലതും ഒത്തു തീർപ്പാക്കി ഒരുമിച്ചു താമസിക്കുകയായിരുന്നു. മറ്റു ചില കേസുകളിലും ഹരികുമാർ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
സംഗീതയ്ക്കു പൊള്ളലേറ്റ് അധികം വൈകാതെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. സംഗീതയുടെ സംസ്കാരം ഓയൂരിലെ കുടുംബ വീട്ടിൽ നടത്തി. മകൻ: കാർത്തിക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.