തൃശൂർ: മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കുട്ടിയുടെ അച്ഛനും അമ്മയും പിണങ്ങിക്കഴിയുകയാണ്. ഇവരുടെ വിവഹാമോചനക്കേസും നടന്നു കൊണ്ടിരിക്കുകയാണ്. 14കാരിയായ മകൾ അഞ്ചു വയസുമുതൽ അച്ഛനോടൊപ്പമായിരുന്നു താമസം. ഒരു ദിവസം മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അച്ഛൻ മകളെ വീട്ടുപറമ്പിൽ ഒരു യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
Also Read-സ്കൂളിലെ ആർത്തവ അവധി വിദഗ്ധരുമായി ആലോചിച്ച ശേഷം: മന്ത്രി വി.ശിവൻകുട്ടി
ഇത് ചോദ്യം ചെയ്തതോടെ ദേഷ്യത്തിൽ മകൾ ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന അമ്മയുടെ അടുത്തേക്ക് മാറി. മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ മകൾ പരാതി നല്കിയിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മകൾ നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽക്കഴിഞ്ഞ അച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. അമ്മയുടെ പ്രേരണയിൽ കുട്ടി പരാതിപ്പെടുകയായിരുന്നുവെന്നാണറിവ്. കുട്ടിയുടെ പരാതി കിട്ടിയ ഉടൻ പോലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റുചെയ്ത് ക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ മർദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തിട്ടുണ്ട്.
Also Read-പൊലീസ് ഇടപെട്ടു; അമ്മയെ അവസാനമായി കാണാൻ പിഞ്ചുകുഞ്ഞുങ്ങളെ അനുവദിച്ച് അച്ഛന്റെ വീട്ടുകാർ
കള്ളക്കേസാണെന്നും പോലീസും ഇതിന് കൂട്ടുനിന്നെന്നും തെളിവുകൾ സഹിതം ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.