തിരുവനന്തപുരം: വായ്പ എടുക്കാത്ത വീട്ടമ്മ 18000 രൂപ തിരിച്ചടക്കണമെന്ന ഭീഷണിയുമായി ചൈനീസ് ലോൺ ആപ്പ്. പണം തിരിച്ചടച്ചില്ലെങ്കിൽ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. വഞ്ചിയൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് സോഷ്യൽ മീഡിയയിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ദുരനുഭവം ഉണ്ടായതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു.
എത്രയുംവേഗം പണമടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പരുകളിലേക്കെല്ലാം വാട്സാപ്പ് വഴി അയയ്ക്കുമെന്ന് വിദേശനമ്പരിൽ നിന്ന് സന്ദേശമെത്തിയത്. വൈകിട്ടോടെ മൂന്ന് സുഹൃത്തുക്കൾക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാർ, പാൻകാർഡ് കോപ്പികളും ചൈനീസ് ആപ്പുകാർ വാട്സ്ആപ്പിൽ അയച്ചുകൊടുത്തു. തട്ടിപ്പിനിരയായ വീട്ടമ്മ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
രാജ്യത്തെ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇരുന്നൂറോളം ആപ്പുകൾ ഇപ്പോഴും നിലവിലുണ്ടെന്നാണ് കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് വായ്പാ ആപ്പുകളുടെ തട്ടിപ്പിന് ഇരയാകുന്ന നൂറിലേറെ പരാതി ദിവസവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഒട്ടുമിക്ക ആപ്പുകളും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധവുമായാണ് പ്രവർത്തിക്കുന്നത്. വിദേശികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ളവരാണ് ഇത്തരം ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. വേഗത്തിൽ വായ്പ ലഭിക്കുമെന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പ് സംഘത്തിന് ഫോൺ ഹാക്ക് ചെയ്യാനാകും.
ഇതോടെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് കടന്നുകയറുകയും ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കുകയും ചെയ്യും. ആധാർ-പാൻ ചിത്രങ്ങൾ ഗാലറിയിലുണ്ടെങ്കിൽ വൻതുക വായ്പയെടുത്തതായി രേഖയുണ്ടാക്കുകയാണ് പിന്നീട് അവർ ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് പണം തിരിച്ചടക്കണമെന്ന് കാട്ടി ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.