പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസുകാരന് അറസ്റ്റില്‍. സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സജീഫ് ഖാനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിൽ ആയിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇയാൾ ഇന്നലെ വൈകിട്ട് ആറന്മുള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയിൽ വച്ച് സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കുകയായിരുന്നു. പൊലീസുകാരന് ആക്രമിച്ച ഉടൻ തന്നെ ജീവനക്കാരി ആറന്മുള എസ്എച്ച്ഒയെ വിവരം അറിയിച്ചു. തുടർന്ന് പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
ഈ പരാതിയിൽ ജീവനക്കാരിയുടെ മൊഴി എടുത്ത വനിത സ്റ്റേഷനിലെ എസ്എച്ച്ഒ സജീഫ് ഖാനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കേസെടുത്തു. ഇതിനൊപ്പം ഡിവൈഎസ്പി തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധക്ർ മഹാജന് സമർപ്പിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. കേസന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ സജീഫ് ഖാനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.