മൂന്നാർ: പുതുവത്സരാഘോഷത്തിനിടെ മൂന്നാറിൽ വിനോദസഞ്ചാരികളും ഓട്ടോ ഡ്രൈവര്‍മാരും തമ്മിൽ കൂട്ടത്തല്ല്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇരു കൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മൂന്നാർ സന്ദർശനത്തിനെത്തിയ കളമശ്ശേരി എച്ച്എംടി കോളനി സ്വദേശികൾക്കും ഹോട്ടൽ ജീവനകാർക്കും മൂന്നാർ സെവൻമല എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിലെ ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പുതുവത്സര ദിനമായ ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി ഇവിടുത്തെ ഹോട്ടലിലെത്തിയതായിരുന്നു വിനോദ സഞ്ചാരികളുടെ സംഘം.
Also Read-കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
ഹോട്ടലിനു മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടെ യുവാക്കൾ ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു. ചെറിയ സംഘർഷത്തിനുശേഷം ഓട്ടോ ഡ്രൈവർ അവിടെനിന്നു പോയെങ്കിലും പിന്നീട് കൂടുതൽ ആളുകളുമായി ഹോട്ടലിൽ തിരിച്ചെത്തുകയായിരുന്നു.
അപ്പോഴേയ്ക്കും വിനോദസഞ്ചാരികളായ യുവാക്കൾ ഹോട്ടലിനുള്ളിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഓട്ടോ ഡ്രൈവറും ഒപ്പമെത്തിയവരും ഹോട്ടലിനുള്ളിൽ കയറി യുവാക്കളെ മർദിച്ചു. സംഘർഷത്തിൽ സ്വകാര്യ ഹോട്ടലിൻ്റെ ചില്ലും സാമഗ്രികളും അടിച്ചു തകർത്തു. ഇതു സംബന്ധിച്ച് ഹോട്ടൽ ജീവനക്കാരനും പോലിസിൽ പരാതി നൽകിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.