കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയോര പച്ചക്കറി കച്ചവടക്കാര്‍ നടുറോഡില്‍ ഏറ്റമുട്ടി. ഇതിനിടെ വ്യാപാരികളില്‍ ഒരാള്‍ കത്തിവീശിയത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തിപിടിച്ചുവാങ്ങുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. നേരത്തെയും വഴിയോരക്കച്ചവടക്കാരായ പച്ചക്കറി വ്യാപാരികള്‍ തമ്മില്‍ ഇവിടെ തര്‍ക്കം നിലനിന്നിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് ഇടപെടുകയും വഴിയോരക്കച്ചവടം വേണ്ടെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഈ നിര്‍ദേശം ലംഘിച്ച് വീണ്ടും കച്ചവടം ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങളുണ്ടായത്.
സംഘര്‍ഷത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. പൊതുനിരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഏറ്റുമുട്ടിയ വ്യാപാരികളില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ആശുപത്രിയിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കണ്ണൂർ: തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ അഫ്നാസ് (38) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ചുമരിന്റെ മുകൾഭാഗത്ത് മൊബൈൽഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. ഇതേ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുറ്റാരോപിതനിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇതു സൈബർ പൊലിസ് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ കുട്ടിക്ക് അസുഖമായതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. പ്രതിയും തന്റെ കുട്ടിക്ക് അസുഖമായതിനാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൂട്ടിരിപ്പിന് വന്നതായിരുന്നു ഇരുവരും. ജനറല്‍ വാര്‍ഡിലാണ് രണ്ട് പേരും ഉണ്ടായിരുന്നത്. യുവതി കുളിക്കവെ പ്രതി തൊട്ടടുത്തെ കുളിമുറിയുടെ മുകളില്‍ കയറി പടം പിടിക്കുകയാണ് ചെയ്തത്. യുവതി ബഹളം വെച്ചതിനാല്‍ ആശുപത്രിയിലെ മറ്റുള്ളവര്‍ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന് സെന്ററിന് സമീപത്തായിരുന്നു സംഭവം.
ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതകശ്രമത്തിനും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രിലില്‍ ആനമങ്ങാടിനടുത്ത ബേക്കറിയില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പ്രണയം നിരസിച്ചതെന്നും പൊലീസ് പറയുന്നു. ഇതിലുള്ള വിരോധത്താല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.