• HOME
  • »
  • NEWS
  • »
  • crime
  • »
  • Gang Rape | കൂട്ടബലാത്സംഗത്തിനിരയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു; മൃതദേഹം നിർബന്ധിച്ച് സംസ്കരിച്ചു; തൃണമൂൽ നേതാവിന്റെ മകൻ ഉൾപ്പെടെ അറസ്റ്റിൽ

Gang Rape | കൂട്ടബലാത്സംഗത്തിനിരയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു; മൃതദേഹം നിർബന്ധിച്ച് സംസ്കരിച്ചു; തൃണമൂൽ നേതാവിന്റെ മകൻ ഉൾപ്പെടെ അറസ്റ്റിൽ

പ്രതിയുടെ ജന്മദിന പാർട്ടിൽ പങ്കെടുക്കാനായി പോയ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായെന്ന് കുടുംബം ആരോപിക്കുന്നു

  • Share this:
    കൊൽക്കത്ത: പശ്ചിമ ബംഗാളിലെ (Bengal) നാദിയ (Nadia) ജില്ലയിലെ ഹൻസ്‌ഖാലിയിൽ ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി (Minor Girl) മരിച്ചു. തൃണമൂൽ കോൺഗ്രസ് (Trinamool Congress) പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസ്സുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ശനിയാഴ്ച ഹൻസ്ഖാലി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകി.

    കേസിലെ മുഖ്യപ്രതി സൊഹൈൽ ഗയാലി എന്ന ബ്രജഗോപാലിനെ ആദ്യം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയും ചെയ്ത ശേഷം തിങ്കളാഴ്ച റാണാഘട്ട് കോടതിയിൽ ഹാജരാക്കി. ബലാത്സംഗം, കൊലപാതകം, തെളിവ് ഇല്ലാതാക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമെ പോക്‌സോ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    പ്രതിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ വസതിയിൽ പോയ പെൺകുട്ടി അസുഖബാധിതയായി വീട്ടിലേക്ക് മടങ്ങുകയും താമസിയാതെ മരിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

    'നിർബന്ധിച്ച് സംസ്കരിച്ചു'

    ''പ്രാദേശിക ടിഎംസി നേതാവിന്റെ മകന്റെ വസതിയിൽ പാർട്ടി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ഞങ്ങളുടെ മകൾക്ക് കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായിരുന്നു, ഞങ്ങൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവൾ മരിച്ചു. പാർട്ടിയിൽ പങ്കെടുത്തവരോട് സംസാരിച്ചതിന് ശേഷം, പ്രതിയും സുഹൃത്തുക്കളും ചേർന്ന് അവളെ കൂട്ടബലാത്സംഗം ചെയ്തതായി ഞങ്ങൾക്ക് ഉറപ്പുണ്ട്," - പെൺകുട്ടിയുടെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    മരണസർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് തന്നെ ഒരു കൂട്ടം ആളുകൾ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ നിർബന്ധിച്ച് കൊണ്ടുപോയതായും അവർ ആരോപിച്ചു. പെൺകുട്ടിയെ സർക്കാർ ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ കൊണ്ടുപോകരുതെന്നും പകരം നാട്ടിലെ ഒരു ‘വൈദ്യന്റെ’അടുത്ത് കൊണ്ടുപോയി നോക്കാമെന്നും സംഘം പറഞ്ഞതായും കുടുംബം ആരോപിച്ചു.

    2020-ൽ ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന് സമാനമാണ് ഈ സംഭവം. ഇരയെ പൊലീസ് നിർബന്ധം പിടിച്ച് ദഹിപ്പിച്ചതായും കുടുംബാംഗങ്ങളെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായും കുടുംബം ആരോപിച്ചിരുന്നു. ഈ സംഭവം ഇന്ത്യയൊട്ടാകെ, പ്രത്യേകിച്ച് ദളിത് ഗ്രൂപ്പുകളുടെയും രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധത്തിന് ആക്കം കൂട്ടി.

    പ്രാദേശിക തൃണമൂൽ പഞ്ചായത്ത് നേതാവും ശക്തനുമായ സമരേന്ദ്ര ഗയാലിയുടെ മകനുമായ ബ്രജഗോപാൽ ഗയാലിയാണ് മുഖ്യപ്രതി. വൈകുന്നേരം ബ്രജഗോപാലിന്റെ ജന്മദിനാഘോഷത്തിന് പെൺകുട്ടിയെ ക്ഷണിച്ചിരുന്നു. പാർട്ടിയിൽ വെച്ച് പെൺകുട്ടിക്ക് “സുഖമില്ലാതെയായി” എന്നാണ് ഇരയുടെ കുടുംബത്തെ ആദ്യം അറിയിച്ചത്. അവളെ ഒരുനാട്ടുവൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ഉപദേശിക്കുകയും ചെയ്തു.

    നീതി ഉറപ്പാക്കുമെന്ന് തൃണമൂൽ കോൺഗ്രസ്

    പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ദുരുപയോഗം ചെയ്യുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്ന് മുതിർന്ന ടിഎംസി നേതാവും സംസ്ഥാന വനിതാ ശിശു വികസന മന്ത്രിയുമായ ശശി പഞ്ച പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയം പാടില്ല. അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു.

    അതേസമയം, പ്രതിപക്ഷമായ ബിജെപി തിങ്കളാഴ്ച ഹൻസ്‌ഖാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 മണിക്കൂർ പ്രതിഷേധ ബന്ദിന് ആഹ്വാനം ചെയ്തു. പാർട്ടിയുടെ മഹിളാ മോർച്ച അധ്യക്ഷ തനൂജ ചക്രവർത്തി കുടുംബത്തെ സന്ദർശിക്കും. ഒരു വിഭാഗം അഭിഭാഷകരും തിങ്കളാഴ്ച രാവിലെ ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിക്കുകയും കോടതി ഇടപെടലിനായി ആവശ്യപ്പെടുകയും ചെയ്യും.

    English Summary: A Minor girl died after she was allegedly gang-raped at a birthday party in Hanskhali in West Bengal’s Nadia district, police said on Sunday. The girl’s family claimed that the main accused is the son of a Trinamool Congress panchayat member, who has been arrested for further investigation, they said.
    Published by:Rajesh V
    First published: