ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി ഒൻപതാം ക്ലാസുകാരൻ. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഒരു സാധാരണ തുണിക്കച്ചവടക്കാരന്റെ മകനാണ് ഐഫോൺ വാങ്ങാൻ അച്ഛൻ പണം നൽകാത്തത് കൊണ്ട് തട്ടികൊണ്ട് പോകൽ നാടകം നടത്തി അച്ഛനിൽ നിന്ന് മോചനദ്രവ്യമായി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.
ബുധനാഴ്ച സ്‌കൂൾ വിട്ടശേഷം കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. പരിഭ്രാന്തരായ പിതാവും ബന്ധുക്കളും അന്വഷണം ആരംഭിച്ചു. പിന്നീട് അച്ഛന്റെ വാട്‌സ്ആപ്പിൽ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള വിളി വന്നു. ഈ തുക ഖൈരാബാദിൽ ഒരു പള്ളിക്ക് സമീപം എത്തിക്കാനായിരുന്നു നിർദ്ദേശിച്ചത്. തുടർന്ന് മകനെ കാണാനില്ല എന്നും, അവനെ ആരോ തട്ടിക്കൊണ്ടു പോയതായും കാണിച്ച് അച്ഛൻ സീതാപൂർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനെ തുടർന്ന് പോലീസ് നടത്തിയ അന്വഷണത്തിലാണ് മകന്റെ ഒളിച്ച് കളി നാടകം പൊളിഞ്ഞത്.
Also Read-ടവർ വാടക നല്‍കിയില്ല; കെട്ടിടത്തിന് മുകളിലെ മൊബൈല്‍ ടവര്‍ ഉടമകൾ പൊളിച്ച് വിറ്റു
മോചനദ്രവ്യം ആവശ്യപ്പെട്ടത് കൊണ്ട് കോൾ വന്ന ഫോണിന്റെ ലൊക്കേഷൻ പോലീസ് ആദ്യം കണ്ടെത്തി. അത് ഒരു ചെരുപ്പ് കടയുടമയുടെ പേരിലുള്ള ഫോൺ ആയിരുന്നു. അയാളെ ചോദ്യം ചെയ്തപ്പോൾ ആ ഫോൺ അയാളുടെ മകനാണ് ഉപയോഗിക്കുന്നത് എന്ന് മനസിലായി. അയാളുടെ മകൻ ഈ കുട്ടിയുടെ സഹപാഠിയായിരുന്നു. കുട്ടിയുടെ സുഹൃത്തിന്റെ കൈവശമുള്ള ആ ഫോണിൽ നിന്ന് കാണാതായ കുട്ടി തന്നെയാണ് 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛനെ വിളിച്ചത് എന്ന് അതോടെ പൊലീസിന് വ്യക്തമായി.
ജില്ലയിലെ പോലീസ്, സൈബർ, എസ്ഒജി ടീമുകൾ സംയുക്തമായാണ് കേസ് അന്വഷിച്ചത്. കുട്ടിയെ പിന്നീട് അവന്റെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. കുട്ടി സർക്കാർ സ്‌കൂളിലാണ് പഠിക്കുന്നതെന്നും പിതാവിനൊപ്പമാണ് താമസിക്കുന്നതെന്നും സീതാപൂർ കോട്വാലി എസ്എച്ച്ഒ ടി.പി. സിംഗ് പറഞ്ഞു. അവന് ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് അച്ഛനും ബന്ധുക്കളും ആണ് അവനെ വളർത്തിയത്.
Also Read-ഭാര്യയിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടിൽ വ്യാജമരണ വീഡിയോ സൃഷ്ടിച്ച ഒഡീഷക്കാരൻ പിടിയിൽ
ഐഫോൺ വേണമെന്ന ആവശ്യം അച്ഛൻ നിരാകരിച്ചതോടെയാണ് സ്വയം തട്ടിക്കൊണ്ടുപോയതായി വരുത്തി തീർത്ത് അച്ഛന്റെ കയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ അവൻ തീരുമാനിച്ചത്. മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന കർശന താക്കീതും കൗൺസിലിങ്ങിനും ശേഷം കുട്ടിയെ അച്ഛനും ബന്ധുക്കൾക്കും ഒപ്പം പോകാൻ അനുവദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPhone, Kidnapping, Uttar Pradesh