HOME » NEWS » Crime »

'കോവിഡ് സർട്ടിഫിക്കറ്റിന് സമീപിച്ച യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജം'; ഡിജിപി ഹൈക്കോടതിയിൽ

ഹെൽത്ത് ഇൻസ്പെക്ടറുമായി പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു

News18 Malayalam | news18-malayalam
Updated: February 22, 2021, 7:40 PM IST
'കോവിഡ് സർട്ടിഫിക്കറ്റിന് സമീപിച്ച യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജം'; ഡിജിപി ഹൈക്കോടതിയിൽ
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് ഡിജിപി ഹൈക്കോടതിയിലെത്തി മൊഴി നൽകി. കുളത്തൂപ്പുഴയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ നല്‍കിയ പരാതിലാണ് വഴിത്തിരിവ്. കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് യുവതി നൽകിയ പരാതി വ്യാജമെന്ന് തെളിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴിയാണ് സംസ്ഥാന പൊലീസ് മേധാവി ഇന്ന് ഹൈക്കോടതി മുമ്പാകെ നൽകിയത്. ഇതോടെ യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി.

ഹെൽത്ത് ഇൻസ്പെക്ടറുമായി പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസിക അവസ്ഥയിലുമാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. യുവതിയുടെ സത്യവാങ്മൂലം പരിഗണിച്ച് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമായ നിലയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ഏറെ കോളിളക്കമുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തത്. ഇത് സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കാകെ അവമതിപ്പ് ഉണ്ടാക്കുകയും, ആരോഗ്യമന്ത്രി വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വാർത്താ മാധ്യമങ്ങൾ യുവതിയുടെ പരാതിക്ക് നൽകിയ അതേ പ്രാധാന്യം ഡിജിപിയുടെ റിപ്പോർട്ടിനും നൽകണമെന്ന് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കു അവമതിപ്പ് ഉണ്ടായ സാഹചര്യത്തിലാണ് ഈ നിർദേശമെന്നും കോടതി വ്യക്തമാക്കുന്നു.

Also Read- പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു

പീഡന കേസിൽ റിമാൻഡിലായ പ്രതി 77 ദിവസം ജയിലില്‍ കിടന്നുവെന്നും ഇത് അന്യായ തടങ്കലായി കണക്കാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രവൃത്തി സന്മാര്‍ഗികമല്ലെങ്കിലും നിയമവിരുദ്ധമല്ലന്ന് കോടതി വ്യക്തമാക്കി. രാവും പകലുമില്ലാതെ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയ സംഭവത്തിന് ഒരളവുവരെ പരിഹാരം ലഭിക്കാനാണ് പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

2020 സെപ്റ്റംബർ ആറിനാണ് കോവിഡ‍് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവർത്തകൻ കസ്റ്റഡിയിലായെന്ന വാർത്ത സംസ്ഥാനത്ത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപാണ് പിടിയിലായത്. ഇയ‌ാൾ കുളത്തുപ്പുഴയിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വെള്ളറട പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.

സംഭവത്തിൽ 2020 നവംബർ 24ന് യുവതി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ് വഴിത്തിരിവായത്. തന്നെ പീഡിപ്പിച്ചില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നുമാണ് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാൽ അതേ ദിവസം തന്നെ ഹെൽത്ത് ഇൻസ്പെക്ടറെ സർവീസിൽനിന്ന് പിരിച്ചു വിടുകയും ചെയ്തു. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ പ്രദീപ് കുമാറായിരുന്നു ആരോപണവിധേയന്‍. യുവതിയുടെ സത്യവാങ്മൂലത്തെ തുടർന്നാണ് പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ പരാതിക്കാരി ആരോപണത്തിൽ നിന്ന് പിന്തിരിയാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. പരാതിക്ക് ആധാരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു.
Published by: Anuraj GR
First published: February 22, 2021, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories