ഇൻഡോർ: സഹോദരിയുടെ ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പതിനാറുകാരനും സുഹൃത്തുക്കളും ചേർന്ന് പതിനേഴുകാരനെ കൊലപ്പെടുത്തി. ഇൻഡോറിലാണ് പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചത്.
ഇൻഡോറിലെ ബാപ്പു നഗറിലുള്ള കൃഷ്ണ(17) യാണ് കൊല്ലപ്പെട്ടത്. കൃഷ്ണയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രം ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലെത്തിയത്. സഹോദരിയുടെ ചിത്രം പോസ്റ്റ് ചെയ്തതിൽ കൃഷ്ണ പ്രതികളുമായി ദിവസങ്ങൾക്ക് മുമ്പ് തർക്കിച്ചിരുന്നു.
ശനിയാഴ്ച്ച പ്രശ്നം പരിഹരിക്കുന്നതിനായി കൃഷ്ണയെ മറ്റുള്ളവർ ചേർന്ന് അടുത്തുള്ള റെയിൽവേ ലൈനിനടുത്ത് എത്താൻ ആവശ്യപ്പെട്ടു. ബന്ധുവായ മറ്റൊരു കുട്ടിക്കൊപ്പം കൃഷ്ണ സ്ഥലത്തെത്തി. ഇതേ സമയം കൃഷ്ണയെ കാത്ത് പതിനാറുകാരനും മൂന്ന് സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.
ചിത്രം പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തമ്മിൽ സ്ഥലത്തു വെച്ച് വഴക്കുണ്ടായി. കയ്യിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ച് കൃഷ്ണയെ പതിനാറുകാരൻ ഇടിച്ചു. ഇതോടെ കൂടെ ഉണ്ടായിരുന്നവരും കൃഷ്ണയെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചു. ഗുരുതരമായി മർദ്ദനമേറ്റ കൃഷ്ണ സംഭവ സ്ഥലത്ത് ബോധരഹിതനായി വീണു. ഇതോടെ മറ്റുള്ളവർ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
കൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്ന ബന്ധു സ്ഥലത്തു നിന്നും മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണയെ കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച്ച രാത്രിയോടെ മരണപ്പെട്ടു.
കൃഷ്ണയുടെ പിതാവിന്റെ പരാതിയിൽ കൗമാരപ്രായക്കാരായ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.