• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കെട്ടിട ലൈസൻസിന് അപേക്ഷിച്ച പ്രവാസിയോട് ആവശ്യപ്പെട്ടത് 5000 രൂപ'; ഉദ്യോഗസ്ഥയെ നാടകീയമായി കുടുക്കി വിജിലൻസ്

ആദ്യത്തെതവണ ഓഫീസിൽ എത്തിയപ്പോൾ തന്നെ കൈക്കൂലി ആവശ്യപ്പെട്ടത് പ്രവാസി യുവാവിനെ അമ്പരപ്പിലാക്കിയിരുന്നു. ഇതേത്തുടർന്ന് യുവാവ് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു

news18-malayalam
Updated: September 28, 2019, 6:09 PM IST
'കെട്ടിട ലൈസൻസിന് അപേക്ഷിച്ച പ്രവാസിയോട് ആവശ്യപ്പെട്ടത് 5000 രൂപ'; ഉദ്യോഗസ്ഥയെ നാടകീയമായി കുടുക്കി വിജിലൻസ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: പ്രവാസി യുവാവിൽനിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കവെ നഗരസഭ ജീവനക്കാരി വിജിലൻസിന്‍റെ പിടിയിലായി. വഴുതക്കാട് പ്രവാസിയായ യുവാവ് ഒരു സ്ഥാപനം തുടങ്ങുന്നതിന് മുന്നോടിയായി ലൈസൻസിന് അപേക്ഷിച്ചപ്പോൾ, അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട നഗരസഭ ഉദ്യോഗസ്ഥയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അപേക്ഷയുമായി ആദ്യത്തെതവണ ഓഫീസിൽ എത്തിയപ്പോൾ തന്നെ കൈക്കൂലി ആവശ്യപ്പെട്ടത് പ്രവാസി യുവാവിനെ അമ്പരപ്പിലാക്കിയിരുന്നു. ഇതേത്തുടർന്ന് യുവാവ് വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ കൈക്കൂലി വാങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥയെ വിജിലൻസ് തന്ത്രപൂർവം പിടികൂടുകയായിരുന്നു.

തിരുവനന്തപുരം നഗരസഭയിലെ ജഗതി സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സരിത(37)യെയാണ് വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഗൾഫിൽ ജോലിനോക്കുന്ന ഷിബുകൃഷ്ണൻ എന്നയാളാണ് വഴുതക്കാട് ഒരു ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനം തുടങ്ങുന്നതിന് മുന്നോടിയായി ലൈസൻസിനായി നഗരസഭയെ സമീപിച്ചത്. ലൈസൻസ് അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ജഗതി സോൺൽ ഓഫീസിലെ വിഭാഗത്തിന്‍റെ ചുമതലക്കാരിയായ സരിത അയ്യായിരം രൂപ തുടക്കത്തിലേ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പണം നൽകില്ലെങ്കിൽ സ്ഥാപനത്തിന് അനുമതി നൽകില്ലെന്ന് ഷിബുവിനോട് അവർ പറയുകയും ചെയ്തു.

പിന്നീട് ഒരിക്കൽക്കൂടി സരിതയെ സമീപിച്ച ഷിബു കൈക്കൂലി ആവശ്യപ്പെടുന്നത് തന്ത്രപരമായി ഷിബു മൊബൈലിൽ ചിത്രീകരിച്ചു. ഇതുമായി വിജിലൻസ് ആസ്ഥാനത്തെ ഇന്‍റലിജൻസ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോനെ സമീപിച്ചു. ഷിബുകുമാറിന്‍റെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ബിജുമോൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തിരുവനന്തപുരം റേഞ്ച് എസ്.പി ജയശങ്കറിന് നിർദേശം നൽകി. റേഞ്ച് എസ്.പിയുടെ നിർദേശാനുസരണം ഡി.വൈ.എസ്.പി അനിലും സംഘവും സരിതയെ കുടുക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു. വിജിലൻസ് സംഘത്തിന്‍റെ നിർദേശാനുസരണം ആവശ്യപ്പെട്ട പണം കൈമാറാമെന്ന വാഗ്ദാനവുമായി ഷിബുകുമാർ, സരിതയെ ഫോണിൽ വിളിച്ചു. രാവിലെ ഓഫീസിലേക്ക് വന്ന് പണം കൈമാറാനായിരുന്നു സരിതയുടെ നിർദേശം. ഇതനുസരിച്ച് വിജിലൻസ് സംഘത്തിനൊപ്പം അവിടെയെത്തിയെങ്കിലും ഫീൽഡ് വിസിറ്റിലാണെന്നായിരുന്നു സരിതയുടെ മറുപടി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്താൻ അവർ ആവശ്യപ്പെട്ടു. അപ്പോൾ വന്നപ്പോഴും അവിടെയില്ലെന്നും വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ കാണാമെന്ന് മറുപടി നൽകി. ജഗതി-പൂജപ്പുര റോഡ് വശത്തുവെച്ച് കാണാമെന്നും സരിത അറിയിച്ചു.

പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് 'താക്കറെ'യുടെ പേര്; കാരണം ഇതാണ്

ഇതനുസരിച്ച് വിജിലൻസ് സംഘത്തിനൊപ്പം അവിടെയെത്തിയ ഷിബുകുമാർ കാത്തുനിന്നു. വിജിലൻസ് നൽകിയ ഫിനോഫ്ത്തലിൻ പുരട്ടിയ നോട്ടുകെട്ടും ഷിബുവിന്‍റെ കൈയിൽ ഉണ്ടായിരുന്നു. വൈകാതെ സരിത സ്ഥലത്തെത്തി. ഈ സമയം സമീപത്ത് സ്വകാര്യവാഹനങ്ങളിൽ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള സംഘം കാത്തുകിടക്കുന്നുണ്ടായിരുന്നു. അയ്യായിരം രൂപ ഷിബുകുമാർ സരിതയ്ക്ക് കൈമാറിയതും വിജിലൻസ് സംഘം ചാടിവീണതും ഒപ്പമായിരുന്നു. വനിതാ ജീവനക്കാർ സരിതയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്നെ നടുറോഡിൽ ആക്രമിക്കുന്നുവെന്ന് സരിത വിളിച്ചുകൂവിയെങ്കിലും ഫലമുണ്ടായില്ല. സരിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരോട് തങ്ങൾ വിജിലൻസ് ആണെന്നും കൈക്കൂലി വാങ്ങിയതിന് പിടികൂടിയതാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. തുടർന്ന് സരിതയെ വിജിലൻസ് സതേൺ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നു. ഇവരെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍