HOME /NEWS /Crime / സി ഒ ടി നസീറിന് എതിരെ ആക്രമണം: ഗൂഡാലോചനയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന, ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്

സി ഒ ടി നസീറിന് എതിരെ ആക്രമണം: ഗൂഡാലോചനയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന, ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്

സി.ഒ.ടി നസീർ

സി.ഒ.ടി നസീർ

വധശ്രമം അന്വേഷിക്കുന്ന സംഘത്തെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും വിവാദത്തിന് ഇടനൽകിയിട്ടുണ്ട്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മനു ഭരത്

    കണ്ണൂർ : സി ഒ ടി നസീറിന് എതിരെയുള്ള ആക്രമണത്തിൽ മുഖ്യ പ്രതികളിൽ നിന്ന് ഗൂഢാലോചനയെ സംബന്ധിച്ച് പൊലീസിന് പൂർണ വിവരം ലഭിച്ചതായി സൂചന. എ എൻ ഷംസീർ എം എൽ എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയിൽ കോൺഗ്രസ് ഏകദിന ഉപവാസം സംഘടിപ്പിക്കും.

    വധശ്രമം അന്വേഷിക്കുന്ന സംഘത്തെ കൂട്ടത്തോടെ സ്ഥലം മാറ്റിയതും വിവാദത്തിന് ഇടനൽകിയിട്ടുണ്ട്. സിഒടി നസീറിന് എതിരെ ഉണ്ടായ ആക്രമണത്തിൽ തലശ്ശേരിയിലെ സിപിഎം പ്രവർത്തകർക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. എന്നാൽ നസീർ കോൺഗ്രസിലേക്ക് ചേക്കേറും എന്ന അഭ്യൂഹം പരക്കുന്നത് ഈ പ്രതിസന്ധി പരിഹരിക്കാൻ ഉതകുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

    സി ഒ ടി നസീറിന് എതിരെയുള്ള ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പൊലീസ് വ്യക്തമാക്കുന്ന പ്രതി അശ്വന്തിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഗൂഡാലോചനയെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഈ വിവരം പുറത്തായ സാഹചര്യത്തിലാണ് അശ്വന്ത് ലോക്കപ്പ് മർദനത്തിന് ഇരയായി എന്ന ആരോപിച്ചുള്ള പോസ്റ്ററുകൽ തലശ്ശേരിയിൽ പ്രത്യക്ഷപ്പെട്ടത്. പ്രതിയുടെ മൊഴി മർദനത്തെ തുടർന്നാണ് എന്നുവരുത്തി തീർ ക്കാൻ കരുതികൂട്ടി ഇറക്കിയതാണ് പോസ്റ്ററുകൾ എന്നാണ് പൊലീസിന്റെ നിഗമനം.

    കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കൊളശ്ശേരിയിൽ പ്രതി റോഷൻ ബാബു താമസിച്ച ക്വാർട്ടേഴ്സിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ആയുധം കണ്ടെത്തിയത്.

    അതിനിടയിൽ കേസ് അന്വേഷിക്കുന്ന സംഘത്തെ മുഴുവൻ സ്ഥലം മാറ്റിയതും സംശയങ്ങൾക്ക്  ഇടനൽകിയിട്ടുണ്ട്. തലശ്ശേരി എ എസ് പി അരവിന്ദ് സുകുമാർ, സി ഐ വി കെ വിശ്വംഭരൻ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കേസന്വേഷണം ദൂർബലമാക്കാൻ പെരിയ കൊലപാതകങ്ങളിലും അന്വേഷണ സംഘത്തെ പലതവണ മാറ്റിയതു പോലെ തലശ്ശേരി വധശ്രമത്തിലും ശ്രമിക്കുന്നു എന്നാണ് ആക്ഷേപം.

    സിഒടി നസീറിന് എതിരായ ആക്രമണം സജീവ രാഷ്ട്രീയ ചർച്ചയാക്കി നിലനിർത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. തലശ്ശേരിയിൽ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന ഏകദിന ഉപവാസം കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

    First published:

    Tags: A n shamseer, Cot naseer case, Cpm, Cpm kannur, Cpm mla, Kannur