• HOME
  • »
  • NEWS
  • »
  • crime
  • »
  • ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

ദിവസങ്ങളുടെ ഇടവേളകളില്‍ പ്രതികള്‍ സിം കാര്‍ഡുകള്‍ നശിപ്പിച്ചത് പലപ്പോഴും അന്വേഷണത്തിന് തിരിച്ചടിയായി.

  • Share this:

    സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്  നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ ദമ്പതിമാര്‍ പിടിയില്‍. കാസര്‍കോട് ചീമേനി പോലീസാണ് ആലപ്പുഴ കലവൂരിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആനയറയിലെ മനു ബാലകൃഷണന്‍ (34), ഭാര്യ ശരണ്യ ശശിധരന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. എന്‍ജിനിയറിങ് ബിരുദധാരി തിമിരി മനത്തടത്തെ ആര്‍. ശ്രീനാഥ് (24 ) എന്ന യുവാവ് നല്‍കിയ പരാതിയിലാണ് ചീമേനി എസ്.ഐ. കെ. അജിതയും സംഘവും പ്രതികളെ പിടികൂടിയത്. സമാനരീതിയില്‍ നിരവധി പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

    പ്രമുഖ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ്  ശ്രീനാഥില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തത്. അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശരണ്യ കമ്പനിയുടെ വ്യാജ ഇ-മെയിലില്‍ സന്ദേശമയക്കുകയായിരുന്നു. കമ്പനിയുടെ ദുബായ് ശാഖയിലാണ് ജോലിയെന്ന് ഇവര്‍ ശ്രീനാഥിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിസയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള ചെലവ് എന്നുപറഞ്ഞാണ് ഇത്രയും തുക കൈക്കലാക്കിയത്.

    Also Read-അജ്ഞാത നമ്പറില്‍ നിന്ന് മിസ് കോളും മെസേജും; ബിസിനസുകാരന് 50 ലക്ഷം നഷ്ടമായി

    ശരണ്യയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിക്കുന്ന എറണാകുളം മൂഴിക്കുളത്തെ വിലാസം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ  അന്വേഷണത്തില്‍ അവിടെനിന്ന് ഇരുവരും മാറിയെന്ന് വിവരം ലഭിച്ചു. തുടരന്വേഷണത്തില്‍ മൂന്നാറിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതിമാര്‍ സ്ഥലത്ത് നിന്ന് മുങ്ങി.

    ദിവസങ്ങളുടെ ഇടവേളകളില്‍ പ്രതികള്‍ സിം കാര്‍ഡുകള്‍ നശിപ്പിച്ചത് പലപ്പോഴും അന്വേഷണത്തിന് തിരിച്ചടിയായി. ഇവര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. താമസിച്ചിടത്തെല്ലാം ഇവര്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ രോഗാവസ്ഥ കാട്ടിയും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Published by:Arun krishna
    First published: