ബെംഗളൂരു: ട്രാഫിക് സിഗ്നലുകളില്‍ (Traffic Signals) നിന്ന് ബാറ്ററി (Battery) മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍ (Couple Arrested). എസ് സിക്കന്ദര്‍ (30), ഇയാളുടെ ഭാര്യ നസ്മ സിക്കന്ദര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിലെ ട്രാഫിക് സിഗ്നലുകളില്‍ നിന്ന് നിരന്തരം ബാറ്ററി മോഷണം പോകുന്നത് പൊലീസിന് തലവേദനയായി മാറിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരാണ് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
എട്ട് മാസത്തിനിടെ 68 ട്രാഫിക് ജംഗ്ഷനുകളില്‍ നിന്ന് ഏതാണ്ട് 230 ബാറ്ററികളാണ് ദമ്പതിമാര്‍ അടിച്ചുമാറ്റിയത്. ഓരോ ബാറ്ററിയും 18 കിലോ ഭാരമുള്ളതാണ്. 2021 ജൂണ്‍ മുതല്‍ 2022 ജനുവരി മാസത്തിനിടെയാണ് ദമ്പതിമാര്‍ ഇത്രയും മോഷണങ്ങള്‍ നടത്തിയത്.പുലര്‍ച്ചെ ട്രാഫിക് ജംഗ്ഷനില്‍ ഇരു ചക്ര വാഹനത്തിലെത്തി ബാറ്ററികള്‍ അടിച്ചുമാറ്റുന്നതാണ് ഇവരുടെ രീതി. ഈ ബാറ്ററികള്‍ പിന്നീട് മറിച്ചു വില്‍ക്കും. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്താണ് ഇവര്‍ തങ്ങളുടെ ഇരചക്ര വാഹനവുമായി മോഷണത്തിന് ഇറങ്ങുന്നത്. ക്യാമറയില്‍ വണ്ടിയുടെ നമ്പര്‍ പതിയാതിരിക്കാന്‍ ലൈറ്റ് ഓഫ് ചെയ്താണ് ഇവര്‍ മോഷണം നടത്തുന്നത്.
എല്ലാ ആഴ്ചകളിലും നഗരത്തിലെ ഒരോ ജംഗ്ഷനുകളില്‍ നിന്ന് ട്രാഫിക് സിഗ്നല്‍ തകരാറിലായെന്ന് പരാതികള്‍ ലഭിച്ചു. പരിശോധനയില്‍ ഇവിടെങ്ങളിലെല്ലാം ബാറ്ററി കാണാതായതായി കണ്ടെത്തി. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. പിന്നീട് 300 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ ഒരു സ്ത്രീയും പുരുഷനും സ്കൂട്ടറില്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. സംശയം തോന്നിയ 4000 സ്കൂട്ടറുകളും പരിശോധിച്ചു. ഇത്തരം വണ്ടികളുള്ള 350 പേരെ ചോദ്യവും ചെയ്തു. പിന്നാലെയാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്.
സിക്കന്ദര്‍ ചായ വില്‍പ്പനക്കാരനാണ്. നസ്മ തയ്യല്‍ ജോലിക്കാരിയാണ്. 2017ലും 18ലും ഇരു ചക്ര വാഹനങ്ങള്‍ മോഷ്ടിച്ചതിന് സിക്കന്ദര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.