മുംബൈ: ബലാത്സംഗക്കേസിലെ പ്രതിയും ഇരയും വിവാഹിതരായതിനെ തുടർന്ന് മുംബൈ ഹൈക്കോടതി കേസ് എഴുതിത്തള്ളി. ബലാത്സംഗക്കേസിൽ ഒത്തുതീർപ്പിന് കക്ഷികൾക്ക് അനുമതി നൽകരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് മുംബൈ ഹൈക്കോടതി നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായത്.
യുവതിയുടെ പരാതിപ്രകാരം കഴിഞ്ഞവര്‍ഷമാണു മുംബൈ പോലീസ് പ്രതിക്കെതിരേ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കഴിഞ്ഞമാസം ഇരുവരും ഒന്നിച്ചു കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടേതു പരസ്പരസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും വിവാഹത്തിനു വിസമ്മതിച്ചതിനാലാണു പ്രതിക്കെതിരേ പരാതിപ്പെട്ടതെന്നും യുവതി കോടതിയെ ബോധിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മധ്യസ്ഥതയില്‍ ഇരുവരും കഴിഞ്ഞ ജനുവരിയില്‍ വിവാഹിതരായിരുന്നു. ഇക്കാര്യവും യുവതി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ അഭ്യര്‍ഥനപ്രകാരം ജസ്റ്റിസുമാരായ രഞ്ജിത് മോറും ഭാരതി ദാംഗ്രെയും ഉള്‍പ്പെട്ട ബെഞ്ച് എഫ്.ഐ.ആര്. റദ്ദാക്കിയത്.
പ്രതിയും ഇരയും ധാരണയിലെത്തിയതിന്റെ പേരില്‍ ബലാത്സംഗക്കേസുകളില്‍ ഒത്തുതീര്‍പ്പു പാടില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്. റദ്ദാക്കാനാകില്ലെന്നുമാണു നിയമം. സുപ്രീം കോടതി ഇതു സംബന്ധിച്ചു കീഴ്ക്കോടതികള്‍ക്കു പലതവണ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമായതിനാല്‍ കക്ഷികളുടെ ഒത്തുതീര്‍പ്പിനു വിടാവുന്ന വിഷയമല്ലെന്നാണു സുപ്രീം കോടതി നിരീക്ഷണം.
എന്നാല്‍ ഈ കേസില്‍, കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് കക്ഷികള്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലായിരുന്നെന്നു ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇരുവരും വിവാഹിതരായതിനാല്‍, പ്രതിക്കെതിരേ നിയമനടപടി തുടരുന്നത് യുവതിയുടെ ക്ഷേമത്തിനു വിരുദ്ധമാകും. സംഭവസമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നു. കക്ഷികൾ വിവാഹ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. അതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ കാരണം കാണുന്നില്ലെന്നും ഡിവിഷന് ബെഞ്ച് വിധിന്യായത്തിൽ
വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.