• HOME
  • »
  • NEWS
  • »
  • crime
  • »
  • മന്ത്രി ശശീന്ദ്രനെതിരായ മൊഴി ആവർത്തിച്ച് പരാതിക്കാരി? രഹസ്യമൊഴി രേഖപ്പെടുത്തി

മന്ത്രി ശശീന്ദ്രനെതിരായ മൊഴി ആവർത്തിച്ച് പരാതിക്കാരി? രഹസ്യമൊഴി രേഖപ്പെടുത്തി

കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന ആരോപണം നേരിട്ട കുണ്ടറ സി ഐ എസ് ജയകൃഷ്ണനെ സ്ഥലംമാറ്റി. നീണ്ടകര കോസ്റ്റല്‍ സി ഐ എസ് മഞ്ജുലാലാണ് കുണ്ടറയിലെ പുതിയ എസ് എച്ച് ഒ.

News18 Malayalam

News18 Malayalam

  • Share this:
കൊല്ലം: കുണ്ടറ പീഡനക്കേസിലെ പരാതിക്കാരിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. മന്ത്രി എ കെ ശശീന്ദ്രൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതു തന്നെ കോടതിയിലും ആവര്‍ത്തിച്ചതായാണ് വിവരം. അതേസമയം യുവതിയുടെ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ചവരുത്തിയ കുണ്ടറ സി ഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി.

യുവതിയുടെ മൊഴി സംബന്ധിച്ച് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്. എന്‍സിപി നേതാവ് ജി പത്മാകരന്റെ ഭാഗത്തുനിന്ന് പീഡനശ്രമം ഉണ്ടായി എന്നതിനൊപ്പം മന്ത്രി എ കെ ശശീന്ദ്രന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന മൊഴി കോടതിയിലും പരാതിക്കാരി ആവര്‍ത്തിച്ചതായാണ് വിവരം.

ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. മന്ത്രി വിളിച്ചത് സ്വന്തം നമ്പരില്‍ നിന്നാണ്. ശബ്ദത്തിന്റെ ആധികാരികത ഇതുവരെ ശശീന്ദ്രന്‍ ചോദ്യം ചെയ്തിട്ടുമില്ല. അങ്ങനെയെങ്കില്‍ വിചാരണവേളയില്‍ മന്ത്രി വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഇത്തരമൊരു കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് എന്തിനെന്ന തരത്തില്‍ കോടതി പരാമര്‍ശം ഉണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല.

Also Read- കർക്കിടകം സിപിഐക്കും ഇപ്പോൾ രാമായണമാസം; ഓൺലൈൻ രാമായണ പ്രഭാഷണം സംഘടിപ്പിച്ച് മലപ്പുറം ജില്ലാ കൗൺസിൽ

ആരോപണവിധേയനായ നേതാവിനെയും പെണ്‍കുട്ടിയുടെ അച്ഛനെയും എന്‍ സി പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതി രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ശശീന്ദ്രന്‍ ക്യാമ്പില്‍ നിന്ന് ഉണ്ടാകുമെന്നു കണക്കുകൂട്ടപ്പെടുന്നു. അതേസമയം കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന ആരോപണം നേരിട്ട കുണ്ടറ സി ഐ എസ് ജയകൃഷ്ണനെ സ്ഥലംമാറ്റി. നീണ്ടകര കോസ്റ്റല്‍ സി ഐ എസ് മഞ്ജുലാലാണ് കുണ്ടറയിലെ പുതിയ എസ് എച്ച് ഒ.

മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക് അടുത്ത ദിവസം തന്നെ പരാതി നൽകുമെന്ന് പരാതിക്കാരി പറഞ്ഞു. രാജ്ഭവനിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ്. പരാതി നൽകി 24 ദിവസത്തിന് ശേഷമാണ് പെൺകുട്ടിയിൽ നിന്ന് കുണ്ടറ പൊലീസ് മൊഴി ശേഖരിച്ചത്. മന്ത്രിയുടെ ഫോൺ വിളി സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. രാഷ്ട്രീയമായി സി പി എമ്മിന്റെയും എൻസിപിയുടെയും പിന്തുണ മന്ത്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് എന്ന വൈതരണി ശശീന്ദ്രന് മുന്നിലുണ്ട്.

Also Read- Tokyo Olympics: ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ പ്രതിഭകളെ പരിചയപ്പെടാം

മന്ത്രിക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുമെന്നതിനാൽ പൊലീസിൽ പരാതി നൽകിയിട്ട് കാര്യമായ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ലെന്ന് പെൺകുട്ടി നേരത്തെ പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടുകൂടിയാണ് ഗവർണർക്ക് പരാതി നൽകുന്നത്. തെറ്റു ചെയ്ത മന്ത്രിക്കൊപ്പം ആണ് മുഖ്യമന്ത്രി. താൻ പൊലീസിന് മൊഴി നൽകുന്നതിൽ നിന്ന് നിസ്സഹകരിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

പരാതി നൽകി 24 ദിവസത്തിനുശേഷമാണ് കുണ്ടറ പൊലീസ് പെൺകുട്ടിയിൽ നിന്നു മൊഴി രേഖപ്പെടുത്തിയത്. മന്ത്രി ഇടപെട്ട വിവരം പുറത്തുവന്നു രണ്ടു ദിവസവും പിന്നിട്ടു. നേരത്തെ മൊഴി നൽകുന്നതിനോട് സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. മൊഴിയെടുക്കുന്നത് സംബന്ധിച്ച് പൊലീസിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരറിയിപ്പും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.

മന്ത്രി ഫോൺ വിളിച്ചത് ഉൾപ്പെടെ പരാതിക്കാരി പൊലീസിനു മൊഴി നൽകിയത് ആർവത്തിക്കുകയാണ്. മന്ത്രി ഒത്തുതീർപ്പിന് സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസിനു നൽകിയ മൊഴി. എൻസിപി നേതാവ് ജി. പത്മാകരൻ, പത്മാകരന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവ് എന്നിവർക്കെതിരെ മൊഴി നൽകിയിരുന്നു.

ശശീന്ദ്രന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പരാതിക്കാരിയുടെ വീടു സന്ദർശിച്ച ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. നിയമപോരാട്ടത്തിന് പെൺകുട്ടിക്ക് ബിജെപി പൂർണപിന്തുണ നൽകും. മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. സ്ത്രീകളെ ആകെ അപമാനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ശശീന്ദ്രനെ സഹായിക്കുന്നതിലൂടെ മുഖ്യമന്ത്രിയും സമാന തെറ്റ് ചെയ്തിരിക്കുന്നു. ശശീന്ദ്രന് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്നും സുരേന്ദ്രൻ അന്ന് ആരോപിച്ചു.

ശശീന്ദ്രനെതിരെ ലഭിച്ച സ്വകാര്യ ഹർജികളിലും പൊലീസ് അന്വേഷണം ആരംഭിച്ചു. എൻസിപിയിൽ പ്രബല വിഭാഗത്തിന്റെയും സി പി എമ്മിന്റെയും പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന നിയമ പോരാട്ടം ശശീന്ദ്രന് വലിയ വെല്ലുവിളിയാകുമെന്നുറപ്പ്.
Published by:Rajesh V
First published: