തൃശ്ശൂർ : മണലൂർ പാലാഴിയിൽ ക്ഷേത്രത്തിലെ കോമരം സ്വഭാവദൂഷ്യമാരോപിച്ച വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തിയത് അമ്മാവൻ്റെ മകനാണെന്ന് ഭർത്താവും സഹോദരനും. മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയ്ക്കെതിരെ ഇയാൾ കഥകൾ മെനയുകയും വോയ്സ് റെക്കോർഡുകൾ നിർമിച്ച് നാട്ടുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി തൃശ്ശൂർ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. അമ്മാവന്റെ മകന്റെ ശല്യം സഹിക്കാനാകാതെയാണ് യുവതി ജീവൻ ഒടുക്കിയതെന്ന് പരാതിയിൽ പറയുന്നു. ഇയാളുടെ താൽപര്യത്തിന് വഴങ്ങാത്തതാണ് പകയ്ക്ക് കാരണമെന്നാണ് സൂചന.
യുവതിയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്.ആരോപണ വിധേയനായ നാല്പതുകാരൻ മറ്റൊരു യുവാവിനെ ചേർത്ത് തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുവെന്ന് യുവതി വീട്ടുകാരോടും ഭർത്താവിനോടും പലവട്ടം പരാതി പറഞ്ഞിരുന്നു. ഭർത്താവും സഹോദരനും ഇടപെട്ട് താക്കീത് ചെയ്തിട്ടും അയാൾ പ്രചാരണങ്ങൾ തുടർന്നു. യുവതിയുടെ അമ്മാവൻ്റെ മകനായ ഇയാൾ യുവതിയുടെ ഭർത്താവിന്റെ അച്ഛൻ്റെ സഹോദരപുത്രനാണ്.
കുടുംബ ക്ഷേത്രത്തിലെ കോമരം യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന കൽപന പുറപ്പെടുവിച്ചത് അമ്മാവന്റെ മകന്റെ സ്വാധീനത്താലാണെന്നാണ് ആരോപണം. യുവതി തെറ്റുകാരിയാണെന്നും ഭഗവതിക്ക് മുന്നിൽ തെറ്റ് ഏറ്റു പറയണമെെന്നും കോമരം നാട്ടുകാരിയുടെയും ബന്ധുക്കളുടെയും മുന്നിൽ വിളിച്ചു പറഞ്ഞു. അമ്മാവന്റെ മകന്റെ സുഹൃത്താണ് കോമരം.
ഇക്കാര്യങ്ങൾ അന്നു തന്നെ യുവതി ഗൾഫിലുള്ള ഭർത്താവിനെ അറിയിച്ചിരുന്നു. തുടർന്ന് ഭർത്താവ് ഇയാളെയും കോമരത്തെയും ഫോണിൽ വിളിച്ച് താക്കീത് ചെയ്തു. നിലവിലെ പരാതിയുടെ അടിസ്ഥാനത്തിൽ കോമരത്തിന് എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടമ്മയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭർത്താവും സഹോദരനും രണ്ട് പരാതികളാണ് പൊലീസിന് നൽകിയിരിക്കുന്നത്. ബന്ധുവിനും കോമരത്തിനും എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.