പാലക്കാട്: വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്, അജ്ഞാതർ ആക്രമിച്ചപ്പോൾ പറ്റിയതാണെന്ന് വ്യാജ പരാതി നൽകിയ സിപിഎം അംഗത്തിന്റെ കള്ളം പൊളിഞ്ഞു. അയൽവാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സിപിഎം അംഗം പള്ളത്ത് അബ്ദുൽ അമീർ തനിയെ വീണതാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ കള്ളം പൊളിച്ച അയൽവീട്ടിലെ സിസിടിവി അമീർ അടിച്ചു തകർത്തു. സിസിടിവി തകർക്കാൻ ശ്രമിച്ചതിന് അമീറിനെതിരെ പൊലീസ് കേസെടുത്തു.
രാത്രി വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക് അജ്ഞാതർ ആക്രമിച്ചതാണെന്ന് ഇയാൾ വ്യാജ പരാതി നൽകിയിരുന്നു. മൂന്ന് പേർ ആയുധങ്ങളുമായെത്തി മർദ്ദിച്ചെന്നാണ് പരാതിപ്പെട്ടത്. രാത്രി ആയതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഭീഷണി നേരിടുന്നതായുമാണ് സിപിഎം അംഗം പറഞ്ഞത്. തുടർന്ന് അമീറിന്റെ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
Also Read- പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ സിബിഐ
തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് കോടതിപ്പടിയിലെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. രാത്രി ഇയാൾ തന്നെയാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയത്. സ്വയം വീണതാണെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മൊഴി വ്യാജമെന്ന് തെളിഞ്ഞതോടെ പൊലീസും കേസ് അവസാനിപ്പിച്ചിരുന്നു.
— News18 Kerala (@News18Kerala) November 21, 2022
ഇതിന് പിന്നാലെയുണ്ടായ മാനഹാനിയാണ് ക്യാമറ തകർക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ സക്കീറിന്റെ വീട്ടിലെ ക്യാമറയാണ് അമീർ തകർത്തത്. ഇയാളുടെ വീടിന്റെ ജനലുകളും തകർന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. അമീർ സക്കീറിന്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Also Read- വെട്ടിനുറുക്കി കൊലപാതകം; ശ്രദ്ധ വാല്‍ക്കര്‍ കേസിന് സമാനമായി രാജ്യത്ത് നടന്ന ആറ് അരുംകൊലകള്‍
പികെ ശശി വിഭാഗത്തിനൊപ്പം ചേർന്ന് നിൽക്കുന്ന അമീർ മറ്റ് വിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് കഥ മെനഞ്ഞതെന്നാണ് ആരോപണം. മണ്ണാർക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമാണ് പള്ളത്ത് അബ്ദുൾ അമീർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cctv, Cpm leader, Palakkad