• HOME
  • »
  • NEWS
  • »
  • crime
  • »
  • യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കയറി അക്രമം; സിപിഎം നേതാക്കൾ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കയറി അക്രമം; സിപിഎം നേതാക്കൾ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിന്റെ വീട്ടിൽ അക്രമം നടത്തിയ തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി അംഗം ബൈജു വിജയൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

  • Last Updated :
  • Share this:
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ആറു ദിവസത്തിനുശേഷം സിപിഎം പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാർ, പ്രാദേശിക നേതാവ് ആന്റോ ആന്റണി എന്നിവരെ തൃക്കൊടിത്താനം പഞ്ചായത്ത് നാലാം വാർഡ് അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ബൈജു വിജയന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നത് ഏറെ വാർത്തയായിരുന്നു. കമ്പിവടി ഉപയോഗിച്ച് ബൈജു വിജയൻ മനുവിന് നേരെ അക്രമം നടത്തുന്നത്  വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഈ സംഭവത്തിലാണ് ആറു ദിവസത്തിനു ശേഷം പോലീസ് തുടർനടപടിയുമായി രംഗത്തെത്തുന്നത്.

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിന്റെ വീട്ടിൽ അക്രമം നടത്തിയ തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി അംഗം ബൈജു വിജയൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ പ്രതിയായ മജുവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ വീട്ടിൽ കയറി മർദ്ദിച്ചത്.

ഭവനഭേദനം അടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രദേശത്തെ ഒരു മതിലുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം എന്നാണ്  പോലീസ് നൽകിയ വിവരം. ഇരുവിഭാഗങ്ങളും തമ്മിൽ  ഇക്കാര്യത്തിൽ കഴിഞ്ഞ വ്യാഴാഴ്ച  വാക്കു തർക്കവും നേരിയതോതിൽ സംഘർഷവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയാണ് രാത്രി 12 മണിക്ക്  ഉണ്ടായ സംഘർഷം. സംഘർഷത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read- Kochi Murder | പ്രതി എന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ; സജീവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

അതേസമയം സിപിഎം നേതാക്കളുടെ അറസ്റ്റ് വൈകിയതിന് എതിരെ  യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. സംഭവം ഉണ്ടായ അന്ന് തന്നെ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. രാത്രി ഒരു മണിയോടെ വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ചിരുന്നുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല എന്നാണ്  യൂത്ത് കോൺഗ്രസ് ആരോപിച്ചത്. അതേസമയം എസ് സി എസ് ടി അതിക്രമ നിയമപ്രകാരമുള്ള പരാതി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ സിപിഎം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന നടന്നു വരികയാണ് എന്നാണ് പോലീസ് പറയുന്നത്. നിലവിൽ അടിപിടി കേസാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Also Read- Kochi Murder | കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; തലയിലും ദേഹത്തും ആഴത്തിൽ മുറിവ്; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറും ആന്റോ ആന്റണിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു.   ബൈജു വിജയൻ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആണ് നിർണായകം ആയത്. വീടിനുള്ളിൽ ആണ് അക്രമം നടന്നത് എന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.  പ്രാദേശിക സിപിഎം നേതാവ് തന്നെ ആക്രമത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. സംഭവത്തിൽ പാർട്ടിതലത്തിലും അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Published by:Rajesh V
First published: