കോട്ടയം: പാതിരാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ കയറി സിപിഎം പ്രാദേശിക നേതാക്കൾ മർദിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ആക്രമിച്ചത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിന്റെ വീട്ടിൽ കയറിയാണ് സിപിഎം പ്രാദേശിക നേതാക്കൾ അക്രമം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രാദേശിക പ്രവർത്തകനായ ആന്റോ ആന്റണിക്കും അക്രമത്തിൽ പരിക്കേറ്റു.
രാത്രി 12 മണിയോടെയാണ് ക്രൂരമായ അക്രമം ഉണ്ടായത് എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. തൃക്കൊടിത്താനം നാലാം വാർഡ് മെമ്പർ ബൈജു വിജയൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽ, മിജു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പ്രവർത്തകർ പറയുന്നു. ഈ മൂന്നു പ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തി തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read- നവജാതശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ; ഇടുക്കി മാങ്കുഴി ഗ്രാമത്തിൽ അരുംകൊലകൾ തുടർക്കഥ
ഭവനഭേദനം അടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രദേശത്തെ ഒരു മതിലുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. ഇരുവിഭാഗങ്ങളും തമ്മിൽ ഈ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇക്കാര്യത്തിൽ ഇന്നലെ ഇരു വിഭാഗവും തമ്മിൽ വാക്കു തർക്കവും നേരിയതോതിൽ സംഘർഷവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയാണ് രാത്രി ഉണ്ടായ സംഘർഷം പോലീസ് വിശദീകരണം. സംഘർഷത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു.
Also Read- ഒൻപതാം ക്ലാസുകാരനെതിരായ പീഡനകേസിൽ ട്വിസ്റ്റ്; പെൺകുട്ടിയുടെ അച്ഛൻ മകളെ പീഡിപ്പിച്ച കേസിൽ പ്രതി
പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു. രാത്രി ഒരു മണിയോടെ വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ചിരുന്നുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല എന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്ദു കുര്യൻ ജോയ് പറയുന്നത്. ഇതോടെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെ വിവരം അറിയിച്ചു. തുടർന്ന് ഷാഫി പറമ്പിലും പോലീസിന് വിളിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം സംഘർഷം ഒന്നുമില്ല എന്നാണ് പോലീസ് അറിയിച്ചത് എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. സംഭവസ്ഥലത്ത് പോലീസ് ഉണ്ടെന്ന വിവരവും പോലീസ് ഉദ്യോഗസ്ഥർ നൽകിയതായി പറയുന്നു. എന്നാൽ പോലീസ് പോയ പിന്നാലെയാണ് വീടുകയറി ഉണ്ടായ അക്രമം നടന്നത്. ഇത് പോലീസിന്റെ ഗുരുതര വീഴ്ചയാണ് എന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരംഭിക്കുന്നു.
Also Read- കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; നാലംഗ സംഘത്തിനായി തിരച്ചിൽ
അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറും ആന്റോ ആന്റണിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയേറ്റ പാടുകളുണ്ട്. അതിനിടെ തൃക്കൊടിത്താനം വാർഡംഗം ബൈജു വിജയൻ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീടിനുള്ളിൽ നിന്നാണ് അക്രമം നടക്കുന്നത് എന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംസാരിക്കുന്നതിനിടെ മനുവിനെതിരെ കമ്പി വടി കൊണ്ട് ആഞ്ഞടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്ന് തൃക്കൊടിത്താനം പോലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kottayam. kerala police, Youth congress